തൗറാത്ത് കര്‍ശനമാക്കിയ ഹിജാബ് -5

വിവാഹിതയായ സ്ത്രീ മുഖമക്കന ധരിക്കണമെന്നും, അന്യപുരുഷന്മാര്‍ അവളെ അറിയാതിരിക്കുന്നതിനും, അവളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ജൂതശരീഅത്ത് വിശദീകരിക്കുന്നു. മറ്റ് സ്ത്രീകളില്‍ നിന്ന് ഭിന്നമായി വിവാഹിതകള്‍ക്ക് കൂടുതല്‍ കര്‍ശനമായ നിയമങ്ങളാണ് അത് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തൗറാത്തിനോ, തല്‍മൂദിനോ, മറ്റ് യഹൂദ ആധികാരിക മതഗ്രന്ഥങ്ങള്‍ക്കോ ഇടയില്‍ യാതൊരു വ്യത്യാസവുമില്ല.
യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ ‘സോഹറി’ല്‍ സ്ത്രീ മുടിയും, ശരീരവും നിര്‍ബന്ധമായും മറക്കണമെന്ന് കല്‍പിക്കുന്നു. കാരണം സ്ത്രീയെക്കുറിച്ച യഹൂദ വീക്ഷണപ്രകാരം അവളുടെ ശരീരം മുഴുവന്‍ നിര്‍ബന്ധമായും മറക്കപ്പെടേണ്ട ഔറതാണ്. ദൈവിക സത്തയില്‍ തന്നെയും സ്ത്രീ-പുരുഷ ഘടകങ്ങള്‍ ഉള്‍ചേര്‍ന്നിരിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവത്തിലെ സ്ത്രീ പ്രാധിനിധ്യത്തെ അവര്‍ ശഖീനാ അഥവാ ‘ദൈവത്തിന്റെ സ്ത്രീരൂപം’ എന്നാണ് പ്രതിപാദിക്കാറുള്ളത്. ദൈവത്തിന്റെ സിംഹാസനത്തിന് സമീപനം ഉപവിഷ്ടയായ മണവാട്ടിയാണത്രെ ശഖീനാ. മസീഹ് ലോകത്തേക്ക് തിരിച്ച് വരുന്നത് കാത്ത് അണിഞ്ഞൊരുങ്ങിയിരിക്കുകയാണത്രെ അവള്‍.
യഹൂദ സമൂഹത്തിലെ വേശ്യകള്‍ തലമുടി മറക്കാറുണ്ടായിരുന്നില്ല. വിശ്വാസികളായ സ്ത്രീകളില്‍ നിന്ന് വ്യതിരിക്തമാവാനും, മറ്റുള്ളവരാല്‍ തിരിച്ചറിയപ്പെടാനുമായിരുന്നു ഇത്. വിശ്വാസി സ്ത്രീകള്‍ തങ്ങളുടെ തലയില്‍ ഒരു ടവല്‍ പോലുള്ള തുണിയും വെക്കാറുണ്ടായിരുന്നു. കൂടുതല്‍ ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ യഹൂദ സ്ത്രീകള്‍ തന്റെ ഉയര്‍ന്ന സാമൂഹിക നിലവാരത്തെ അറിയിക്കാനും, ആദരവ് പ്രകടിപിക്കുന്നതിനുമായി തലമുടി മറക്കാറുണ്ടായിരുന്നു. എന്നാല്‍ അവരിലെ തന്നെ വേശ്യകള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല. സമൂഹത്തിലെ താഴെക്കിടയിലുള്ള ചില സ്ത്രീകള്‍, ഉന്നതകുലജാതരാണെന്ന ധാരണ പരത്താന്‍ തല മറച്ച് പുറത്തിറങ്ങിയിരുന്നു. കാരണം ഔന്നത്യത്തിന്റെയും മഹത്വത്തിന്റെയും അടയാളമായാണ് അവര്‍ ഹിജാബിനെ ദര്‍ശിച്ചിരുന്നത്.
ദൃഷ്ടികള്‍ താഴ്ത്തുകയെന്ന ഖുര്‍ആനിക കല്‍പനക്ക് തുല്യമായ പല നിര്‍ദേശങ്ങളും ജൂതശരീഅത്തില്‍ കാണാവുന്നതാണ്. ‘നീ കന്യകകളെ തുറിച്ച് നോക്കിയിരിക്കരുത്. അവളുടെ അഴക് നിന്നെ വീഴ്ത്താതിരിക്കുന്നതിനാണത്’ എന്ന് യശോവ ബിന്‍ സേറാഖിന്റെ തത്വോപദേശങ്ങളില്‍ കാണാവുന്നതാണ്.
‘സുന്ദരിയായ സ്ത്രീയില്‍ നിന്ന് നിന്റെ കണ്ണുകള്‍ മാറ്റുക. അന്യസ്ത്രീയുടെ സൗന്ദര്യം നീ ആസ്വദിക്കരുത്. കാരണം സ്ത്രീയുടെ അഴക് ധാരാളം പേരെ വഴിതെറ്റിച്ചിരിക്കുന്നു. പ്രസ്തുത സൗന്ദര്യത്തോടുള്ള പ്രണയം തീയെപ്പോലെ ആളിപ്പടരുന്നതാണ്’ എന്ന മറ്റൊരു കല്‍പനയും അവയില്‍ കാണാവുന്നതാണ്.
അന്യ സ്ത്രീയോട് സഹവസിക്കരുതെന്നും, അവളില്‍ നിന്ന് ദൃഷ്ടികള്‍ താഴ്ത്തണമെന്നും നിര്‍ദേശിക്കുന്ന മറ്റ് പല കല്‍പനകളും കാണാവുന്നതാണ് (നീ ആരുടെയും സൗന്ദര്യം ആസ്വദിക്കുകയോ, സ്ത്രീകള്‍ക്കിടയില്‍ ഇരിക്കുകയോ ചെയ്യരുത്. കാരണം സ്ത്രീയില്‍ നിന്ന് തിന്മ ഉണ്ടായേക്കാം).
സ്ത്രീകളോട് സംസാരിക്കുന്നതിനെക്കുറിച്ച വീക്ഷണമിതാണ് (അന്യസ്ത്രീയുടെ സൗന്ദര്യത്താല്‍ പലരും കുഴപ്പത്തിലകപ്പെട്ടിരിക്കുന്നു. അവര്‍ക്കവസാനം നിന്ദ്യതയാണുണ്ടായത്. കാരണം അവളുടെ സംസാരം തീയെപ്പോലെ ആളിക്കത്തുന്നതാണ്).

About dr. huda darwesh

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *