ത്രിയേകത്വവും ക്രൈസ്തവ ചര്‍ച്ചുകളും -2

മസീഹിന്റെ ദൈവികതയുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങള്‍ ക്രൈസ്തവതയില്‍ ഉയരുകയും അതേതുടര്‍ന്ന് ഭിന്നത രൂപപ്പെടുകയും ചെയ്തു. കറകളഞ്ഞ ഏകദൈവ വിശ്വാസത്തില്‍

മായം ചേര്‍ത്ത് ധാരാളം ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ വിഭാഗങ്ങള്‍ രംഗത്തെത്തി.
മസീഹിനും മാതാവിനും ദൈവികതയുണ്ടെന്ന് വാദിച്ച് രംഗത്ത് വന്ന ബര്‍ബറാനിയഃ അവയില്‍പെടുന്നു. അവരെക്കുറിച്ചായിരിക്കാം വിശുദ്ധ ഖുര്‍ആന്‍ അല്‍മാഇദഃ അദ്ധ്യായത്തില്‍ നടത്തിയ പരാമര്‍ശം. (ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: ”മര്‍യമിന്റെ മകന്‍ ഈസാ! ‘അല്ലാഹുവെവിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍’ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?” അപ്പോള്‍ അദ്ദേഹം പറയും: ”നീ എത്ര പരിശുദ്ധന്‍! എനിക്കു പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍). അല്‍മാഇദഃ 116
ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മര്‍ഖിയൂന്‍ എന്ന പുരോഹിതന്‍ മറ്റൊരു വിശ്വാസം ക്രൈസ്തവ ലോകത്ത് പ്രചരിപ്പിച്ചു. തൗറാത്ത് അവതരിപ്പിച്ച നീതിമാനായ ഒരു ദൈവവും, മസീഹില്‍ അവതരിച്ച, മാനവകുലത്തെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട, നന്മയുടെ ദൈവവുമുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഈയര്‍ത്ഥത്തില്‍ ലോകത്ത് ആകെ രണ്ട് ദൈവങ്ങളാണുള്ളതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അഥവാ മര്‍ഖിയൂനിയ്യുകള്‍ അവകാശപ്പെട്ടു.
മസീഹ് ദൈവപുത്രനാണെന്നും, മര്‍യം അദ്ദേഹത്തെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും പാത്തിയിലൂടെ വെള്ളമൊഴുകുന്നത് പോലെയായിരുന്നുവെന്നും അവകാശപ്പെട്ട് പിന്നീട് ഇല്യാന്‍ വിഭാഗം രംഗത്ത് വന്നു.
പിതാവില്‍ നിന്നുള്ളതാണ് മസീഹെന്നും, അഗ്നിനാളത്തില്‍ നിന്ന് തീപ്പൊരി ചിതറി കത്തിജ്ജ്വലിക്കുന്നത് പോലെയാണ് മസീഹിന്റെ ഉണ്മയെന്നുമാണ് സബാലിയോസ് വിഭാഗം വാദിച്ചത്. തീപ്പൊരിയില്‍ നിന്ന് തീ കത്തിയുണ്ടാകുമ്പോള്‍ ആദ്യത്തേതിന് യാതൊരു കുറവും സംഭവിക്കുകയില്ലെന്നതാണ് അവരുടെ വാദത്തിന്റെ മര്‍മം.
എന്നാല്‍ ക്രൈസ്തവതയില്‍ പില്‍ക്കാലത്ത് ഉയിരെടുത്ത ത്രിയേകത്വ വിശ്വാസത്തെക്കുറിച്ച് ഈ വിഭാഗങ്ങളൊന്നും സൂചിപ്പിക്കുകയോ, പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നത് വ്യക്തമാണ്. മറിച്ച് ബഹുദൈവ വിശ്വാസം മുറുകെ പിടിക്കുകയും, അവ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തവരായിരുന്നു അവ.
പിന്നീട് ക്രൈസ്തവതയില്‍ ദൈവത്തെക്കുറിച്ച ചര്‍ച്ച സങ്കീര്‍ണമായി. പല വിഭാഗങ്ങളും പല അഭിപ്രായങ്ങളുമായി പരസ്പരം വാദിച്ചു. ചിലര്‍ മസീഹിന്റെ ദൈവികത ഊന്നിപ്പറഞ്ഞപ്പോള്‍, മറ്റ് ചിലര്‍ മര്‍യമിന്റെ ദൈവികതക്ക് ഊന്നല്‍ നല്‍കി. ദൈവത്തിന്റെ ഏകത്വത്തില്‍ ഉറച്ച് നിന്ന മൂന്നാമത്തെ വിഭാഗവുമുണ്ടായിരുന്നു.
ഈ അഭിപ്രായങ്ങള്‍ക്ക് തീര്‍പ്പു കല്‍പിക്കുന്നതിനും, ഏകാഭിപ്രായത്തില്‍ ഒരുമിക്കുന്നതിനും, അവ രാഷ്ട്രത്തില്‍ നടപ്പാക്കുന്നതിനും വേണ്ടിയാണ് 325-ല്‍ നീഖിയയില്‍ സമ്മേളിക്കാന്‍ തീരുമാനിച്ചത്. മേല്‍ പരാമര്‍ശിച്ച എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. ഏകദൈവ വിശ്വാസം മുറുകെ പിടിച്ചിരുന്ന ആരിയൂസ് വിഭാഗവും, മസീഹിന്റെ ദൈവികത വാദിച്ച പോള്‍സിനെ പിന്തുണക്കുന്നവരും അവിടെ സമ്മേളിച്ചു.
അവിടെ സമ്മേളിച്ചവരെ പരിശോധിക്കുന്ന ഏതൊരാള്‍ക്കും അവിടെക്കൂടിയവര്‍ യാതൊരു കാരണവശാലും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അഭിപ്രായത്തില്‍ യോജിക്കുകയില്ലെന്ന് ഉറപ്പായിരുന്നു. പ്രസ്തുത സന്ദര്‍ഭത്തിലെ ക്രൈസ്തവതയുടെ അവസ്ഥ ഇബ്‌നു ബത്വ്‌രീഖ് വിവരിക്കുന്നത് ഇങ്ങനെയാണ് (കോണ്‍സ്റ്റയ്ന്‍ രാജാവ് എല്ലാ പ്രദേശങ്ങളിലേക്കും സന്ദേശമയച്ചു, പുരോഹിതന്മാരോടും വൈദികന്മാരോടും സമ്മേളിക്കാന്‍ നിര്‍ദേശിച്ചു. അതേതുടര്‍ന്ന് 2048-ാളം പേര്‍ നീഖിയ്യ പട്ടണത്തില്‍ സമ്മേളിച്ചു. അവര്‍ക്കെല്ലാവര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാണുണ്ടായിരുന്നത്. ദൈവത്തിന്റെ കൂടെ മസീഹിനും മാതാവിനും ദൈവികതയുണ്ടെന്ന് അഭിപ്രായപ്പെട്ടവര്‍ അവരിലുണ്ടായിരുന്നു. ബര്‍ബറാനികളായിരുന്നു അവര്‍. പിതാവില്‍ നിന്ന് രൂപപ്പെട്ടതാണ് മസീഹെന്നും, തീയില്‍ നിന്ന് തീപ്പൊരിയുണ്ടാകുന്നത് പോലെയാണ് അതെന്നും വാദിച്ചവരും അവരിലുണ്ടായിരുന്നു. മര്‍യം മസീഹിനെ ഒമ്പത് മാസം ഗര്‍ഭം ചുമന്നിട്ടില്ലെന്നും, വെള്ളമൊഴുകുന്നത് പോലെ അദ്ദേഹം മര്‍യമിന്റെ വയറ്റിലൂടെ ഒഴുകുക മാത്രമാണ് ചെയ്തതെന്നും വാദിക്കുന്നവര്‍ അവിടെ സമ്മേളിച്ചിരുന്നു. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ് മസീഹെന്നും, അദ്ദേഹത്തില്‍ ദൈവത്തിന്റെ ഇഛകളും ഉദ്ദേശങ്ങളും ഇറങ്ങുകയാണുണ്ടായതെന്നും, അതിനാലാണ് അദ്ദേഹത്തെ ദൈവപുത്രനെന്ന് വിളിക്കുന്നതെന്നും വിശദീകരിച്ചവരും അവരിലുണ്ടായിരുന്നു).

 

About fouziya bint hamad

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *