ത്വല്‍ഹയും സുബൈറു(റ)ം അധികാരമോഹികളോ? -4

അങ്ങേയറ്റത്തെ സൂക്ഷ്മതയോടും ആസൂത്രണത്തോടും കൂടിയാണ് അബ്ദുല്ലാഹ് ബിന്‍ സബഅ് ഇസ്ലാമിക ഖിലാഫത്തിനെതിരെ പ്രവര്‍ത്തിച്ചത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിശ്വാസികളെയാണ് തന്റെ

ആശയം പ്രചരിപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തത്. വളരെ വേഗത്തില്‍ തന്നെ അവരെ സ്വാധീനിക്കാനും, ബസ്വറയിലും കൂഫയിലും ഈജിപ്തിലുമെല്ലാം അനുകൂലികളെ സൃഷ്ടിക്കാനും അയാള്‍ക്ക് സാധിച്ചു. അറേബ്യയില്‍ മുന്‍കാലത്ത് നിലനില്‍ക്കുകയും, തിരുമേനി(സ) അണച്ച് കളയുകയും ചെയ്ത ഗോത്രപക്ഷപാതിത്വങ്ങള്‍ തന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി അയാള്‍ വീണ്ടും ആളിക്കത്തിച്ചു. അടിമകളെയും, യജമാനന്മാരെയും, അറബികളെയും, ബദവികളെയും വെവ്വേറെ സമീപിച്ച് അവരുടെ മനസ്സില്‍ പരസ്പരം പക നിറക്കാന്‍ അദ്ദേഹം അനുയായികളെ പ്രേരിപ്പിച്ചു.
അലി(റ)ക്കും, ത്വല്‍ഹ, സുബൈര്‍, ആഇശ(റ) തുടങ്ങിയവര്‍ക്കുമിടയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നത, ഖിലാഫത്ത് ഏറ്റെടുക്കാന്‍ ആരാണ് യോഗ്യന്‍ എന്നതുമായി ബന്ധപ്പെട്ടതായിരുന്നില്ല എന്ന കാര്യം പ്രഥമമായി മനസ്സിലാക്കേണ്ടതുണ്ട്. ശേഷം അലി(റ)ക്കും മുആവിയ(റ)ക്കുമിടയില്‍ രൂപപ്പെട്ട ഭിന്നതയിലും ഈ വിഷയത്തിന് യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഖിലാഫത്ത് ഏറ്റെടുക്കാന്‍ പരിപൂര്‍ണ യോഗ്യത അലി(റ)ക്കാണെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരായിരുന്നു.
ഇബ്‌നു ഹസം പറയുന്നു (ഖിലാഫത്ത് ഏറ്റെടുക്കാനുള്ള അലി(റ)യുടെ യോഗ്യത മുആവിയ(റ) ഒരിക്കലും നിഷേധിച്ചിട്ടില്ല. എന്നാല്‍ ബൈഅത്ത് ചെയ്യുന്നതിന് മുമ്പ് തന്നെ ഉഥ്മാന്റെ(റ) ഘാതകരോട് പ്രതികാരം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം).
ഉഥ്മാന്റെ ഘാതകരോട് പ്രതികാരം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്വഹാബാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടത് എന്നര്‍ത്ഥം. പ്രതികാരം ചെയ്യണമെന്നതിലും അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ എപ്പോള്‍, എങ്ങനെ തുടങ്ങിയ വിശദാംശങ്ങളിലായിരുന്നു അവര്‍ ഭിന്നിച്ചത്. രാഷ്ട്രത്തിലെ കലാപങ്ങള്‍ അടങ്ങി, രംഗം ശാന്തമായി, സുസ്ഥിരത കൈവന്നതിന് ശേഷം പ്രതിക്രിയ നടത്താമെന്നായിരുന്നു അലി(റ)യുടെ അഭിപ്രായം.
ഇമാം നവവി വിശദീകരിക്കുന്നു (വളരെ സങ്കീര്‍ണമായ സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. പ്രശ്‌നം വളരെ അവ്യക്തമായത് കൊണ്ടാണ് അതിനെ കൈകാര്യം ചെയ്യേണ്ട കാര്യത്തില്‍ സ്വഹാബാക്കള്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ടായത്. ഉടനെ പ്രതികാരം ചെയ്യുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍, അല്‍പം അവധാനത പുലര്‍ത്തണമെന്നതായിരുന്നു മറുവിഭാഗത്തിന്റെ വീക്ഷണം. എന്നാല്‍ ഈ രണ്ട് വീക്ഷണവും ബോധ്യപ്പെടാതെ, ഇവരില്‍ നിന്ന് മാറി നിന്ന മൂന്നാമതൊരു വിഭാഗവുമുണ്ടായിരുന്നു. ന്യായം വ്യക്തമായി ബോധ്യപ്പെടാതെ മുസ്ലിമിനെതിരെ യുദ്ധം ചെയ്യാന്‍ പാടില്ലെന്നതായിരുന്നു ഇവരുടെ സമീപനം).
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള വഴിയിലായിരിക്കെയാണ് ആഇശഃ(റ) ഉഥ്മാന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് അറിയുന്നത്. വിവരം ലഭിച്ചപ്പോള്‍ നേരെ മക്കയിലേക്ക് തന്നെ മടങ്ങി ഹറമില്‍ ചെന്നിരിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ വന്ന് ചുറ്റും കൂടിയപ്പോള്‍ ആഇശ(റ) പറഞ്ഞു ‘ജനങ്ങളെ, പട്ടണങ്ങളില്‍ നിന്നുള്ള വഴികെട്ട ജനം ആ മനുഷ്യനോട് അക്രമം ചെയ്തിരിക്കുന്നു. അവര്‍ പരിശുദ്ധമായ രക്തം ചിന്തുകയും, പരിശുദ്ധമായ നാട് കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാണ, ഇതുപോലുള്ളവര്‍ നിറഞ്ഞ ഭൂമിയേക്കാള്‍ എത്രയോ ഉത്തമം ഉഥ്മാന്റെ ചെറുവിരലാണ്. അതിനാല്‍ നിങ്ങള്‍ അവരോട് പ്രതികാരം ചെയ്യാന്‍ രംഗത്തിറങ്ങുക).
ഇതു തന്നെയായിരുന്നു ത്വല്‍ഹയുടെയും, സുബൈറി(റ)ന്റെയും നിലപാട്. അവര്‍ നേരെ അലി(റ)യുടെ അടുത്ത് വന്ന് ഉഥ്മാന്റെ ഘാതകരോട് ഉടനെ പ്രിതികാരം ചെയ്യണമെന്നാവശ്യപ്പെട്ടു. അലി(റ) അവരോട് പറഞ്ഞ മറുപടി ഇപ്രകാരമാണ് (സഹോദരന്മാരെ, നിങ്ങള്‍ പറയുന്നതിനേക്കുറിച്ച് അറിയാത്തവനല്ല ഞാന്‍. പക്ഷെ, നമുക്ക് നിയന്ത്രിക്കാനാവാത്ത, നമ്മെ നിയന്ത്രിക്കുന്ന ഈ ജനങ്ങളെ കൊണ്ട് നാം എന്ത് ചെയ്യാനാണ്? ഇവരുടെ കൂടെ അവരുടെ അടിമകളും, ബദവികളുമെല്ലാം ഒന്നിച്ച് ചേര്‍ന്നിരിക്കുന്നു. അവര്‍ നിങ്ങളെയെല്ലാം വായില്‍ തോന്നുന്നതെല്ലാം വിളിച്ച് കൊണ്ടിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്ന കാര്യം പൂര്‍ത്തീകരിക്കാന്‍ എനിക്ക് കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അവര്‍ പറഞ്ഞു ‘ഇല്ല’. അലി(റ) തുടര്‍ന്നു ‘അല്ലാഹുവാണ, നിങ്ങളുടെ ഈ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇപ്പോള്‍ ഇവിടെയുള്ളത് പൂര്‍ണ ജാഹിലിയ്യത്താണ്. അതിനാല്‍ നിങ്ങള്‍ ഒന്ന് അടങ്ങുക. ജനങ്ങള്‍ അല്‍പം സമാധാനം കൈവരിക്കുകയും, ഒതുങ്ങുകയും ചെയ്യുന്നത് വരെ).
എന്നാല്‍ അലി(റ) സ്വീകരിച്ച ഈ രാഷ്ട്രീയം മറ്റുപലര്‍ക്കും ശരിക്കും മനസ്സിലായില്ല. കോപിഷ്ഠരായ ജനത്തിന് മുന്നില്‍ പല തത്വങ്ങളും ഫലപ്രദമാവില്ല എന്നതാണ് വസ്തുത. വൈകാരികമായി കത്തിജ്ജ്വലിച്ച് നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും പ്രായോഗിക ജ്ഞാനം നഷ്ടപ്പെടാറുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതേതുടര്‍ന്ന് അസംഭവ്യമായത് സാധ്യമാണെന്ന് അവര്‍ ധരിക്കുകയും അവ ചെയ്യാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരു കൂട്ടര്‍ വൈകാരികമായി രംഗത്തിറങ്ങി. അവര്‍ പറഞ്ഞു ‘നാം ഇക്കാര്യം ഇപ്പോള്‍ തന്നെ തീര്‍പ്പാക്കുന്നതാണ്’.
ഇവരെ കണ്ട് കാര്യം ധരിപ്പിക്കാന്‍ അലി(റ) ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. അവസരം മുതലെടുത്ത് ഇബ്‌നു സബഉം അനുയായികളും രംഗത്തിറങ്ങുകയും മുസ്ലിംകളെ പരസ്പരം ചേരിതിരിക്കുകയും ചെയ്തു.

About dr. ali sallabi

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *