un0x400_c

ഉല്‍പന്നത്തിന്റെ വിലയും കമ്യൂണിസ്റ്റ് സിദ്ധാന്തവും -3

ആഭ്യന്തര രംഗത്ത് മാത്രം പരിമിതമല്ല മുതലാളിത്തത്തിന്റെ ചൂഷണം എന്ന് കൂടി മാര്‍ക്‌സ് വ്യക്തമാക്കുന്നു. മറിച്ച്, മൂലധന മുതലാളിമാര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ചെലവഴിക്കാന്‍ പുതിയ

മാര്‍ക്കറ്റുകള്‍ കണ്ടെത്തുകയും കൊളോണിയലിസമെന്ന പ്രതിഭാസം ലോകത്ത് വ്യാപകമാവുകയും ചെയ്യുന്നു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന് മുതലാളിമാര്‍ കണ്ടെത്തിയ മാര്‍ഗമാണ് അധിനിവേശമെന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് പ്രകൃതി വിഭവങ്ങള്‍ മോഷ്ടിച്ചെടുത്ത് അവ കൊണ്ടുണ്ടാക്കിയ ഉല്‍ന്നങ്ങള്‍ അവിടങ്ങളില്‍ തന്നെ ചെലവഴിക്കുകയെന്നതാണ് അവരുടെ രീതി. അതിനാല്‍ തന്നെ മുതലാളിത്തത്തിന്റെ അനിവാര്യവും സ്വാഭാവികവുമായ നടപടി മാത്രമാണ് അധിനിവേശം എന്നര്‍ത്ഥം.
മുതലാളിത്തം തൊഴിലാളികളുടെ അദ്ധ്വാനം മോഷ്ടിക്കുകയും, പ്രതിഫലം കുറച്ച് അവരെ പട്ടിണിക്കിടുകയും ചെയ്യുന്നതോടെ തങ്ങള്‍ മര്‍ദനത്തിനും അക്രമത്തിനും വിധേയമാകുന്നതായി തൊഴിലാളികള്‍ തിരിച്ചറിയുന്നു. മുതാളിത്തത്തിന്റെ വക്താക്കളോട് സ്വാഭാവികമായും വെറുപ്പും വിദ്വേഷവും തോന്നുകയും, അവരോട് പ്രതികാരം ചെയ്യാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് അനുകൂലമായ അവസരം ലഭിക്കുന്നതോടെ തൊഴിലാളികള്‍ മുതലാളിമാര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവും വിപ്ലവവും നടത്തുകയും, അവരില്‍ നിന്ന് മൂലധനം പിടിച്ച് വാങ്ങി കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് സമൂഹത്തിന് രൂപം നല്‍കുകയും ചെയ്യുന്നുവെന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നു.
ഉല്‍പന്നത്തില്‍ നിന്ന് മിച്ചം വരുന്ന സംഖ്യ തൊഴിലാളിക്ക് മാത്രമുള്ളതാണെന്ന മാര്‍ക്‌സിന്റെ നിരീക്ഷണം നീതിക്കും, സംഭവയാഥാര്‍ത്ഥ്യത്തിനും, ബുദ്ധിക്കും നിരക്കാത്തതാണ്. ഇവിടെ മുതലാളിയുടെ അദ്ധ്വാനം പൂര്‍ണാര്‍ത്ഥത്തില്‍ വിസ്മരിച്ച സമീപനമാണ് മാര്‍ക്‌സ് സ്വീകരിച്ചിരിക്കുന്നത്. സമ്പത്ത് ഇറക്കുന്നതും, തൊഴിലുപരണങ്ങള്‍ വാങ്ങുന്നതും, പദ്ധതി ആസൂത്രണം ചെയ്യുന്നതും, അതിന് മേല്‍നോട്ടം വഹിക്കുന്നതും, ഉല്‍പന്നങ്ങള്‍ ചെലവഴിക്കുന്നതും, മാര്‍ക്കറ്റിലെ നഷ്ടം സഹിക്കുന്നതുമെല്ലാം മുതലാളി മാത്രമാണ്. ഇത്തരം കാര്യങ്ങളില്‍ തൊഴിലാളിക്ക് യാതൊരു പങ്കുമില്ലെന്നത് സുവിദിതമായ യാഥാര്‍ത്ഥ്യമാണ്. എന്നിരിക്കെ തൊഴിലാളിക്ക് അദ്ദേഹവുമായി ഉറപ്പിച്ച കരാര്‍പ്രകാരമുള്ള തുക നല്‍കിയതിന് ശേഷം ഉല്‍പന്നത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം സ്വന്തമാക്കാന്‍ എന്ത് കൊണ്ട് മുതലാളിക്ക് അവകാശമില്ല?
ഇവിടെ ഉല്‍പന്നത്തില്‍ നിന്നുള്ള ലാഭം കാശിറക്കിയ മുതലാളിക്ക് അവകാശപ്പെട്ടത് തന്നെയാണ്. മാര്‍ക്‌സ് വാദിക്കുന്നത് പോലെ മോഷണമോ, കൊള്ളയോ അല്ല അത്. എന്നിരിക്കെ മുതലാളിയും തൊഴിലാളിയും തമ്മില്‍ കലഹിക്കുകയോ, സംഘട്ടനത്തിലേര്‍പെടുകയോ ചെയ്യേണ്ട സാഹചര്യം സംജാതമാകുന്നില്ല. തന്റെ വഴിതെറ്റിയ വീക്ഷണങ്ങളിലൂടെയും പൊള്ളയായ സിദ്ധാന്തങ്ങളിലൂടെയും മുതലാളിമാര്‍ക്കെതിരെ തൊഴിലാളികളെ പ്രകോപിപ്പിക്കാനാണ് മാര്‍ക്‌സ് ശ്രമിച്ചത്.
തന്റെ വീക്ഷണം പ്രായോഗിക ലോകത്തിന് വിരുദ്ധമാണെന്നും, വാദം പൊള്ളയാണെന്നും മാര്‍ക്‌സിന് തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ തൊഴിലാളികളെ ഇളക്കി വിടുക മാത്രമായിരുന്നു അദ്ദേഹം മുന്നില്‍വെച്ച ഒരേയൊരു ലക്ഷ്യം. അദ്ധ്വാനം മാത്രമാണ് ഉല്‍പന്നത്തിന്റെ വിലയോ, മൂല്യമോ നിര്‍ണയിക്കുന്ന ഒരേയൊരു ഘടകം എന്ന തന്റെ സിദ്ധാന്തം കൊണ്ട് മാര്‍ക്‌സ് ഉദ്ധേശിച്ചത് അതുമാത്രമാണ്. തൊഴിലാളികളുടെ ചോരയും നീരുമാണ് മുതലാളിമാരുടെ സമ്പത്തെന്ന് അദ്ദേഹം സ്ഥാപിച്ചു.
മേലുദ്ധരിച്ച മാര്‍ക്‌സിന്റെ വീക്ഷണങ്ങള്‍ക്ക് മേലാണ് കമ്യൂണിസം അല്ലെങ്കില്‍ മാര്‍ക്‌സിസം നിലനില്‍ക്കുന്നത്. അതേസമയം തന്നെ മാര്‍ക്‌സിസത്തിന്റെ അന്തകനായി വര്‍ത്തിച്ച മുഖ്യ കാരണവും പ്രസ്തുത സിദ്ധാന്തം തന്നെയാണ് എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നായിരിക്കാം.
ഒരു വശത്ത് സമ്പത്ത് ധനികരുടെ കൈകളില്‍ കുന്നുകൂടുമ്പോള്‍ മറുവശത്ത് തൊഴിലാളികള്‍ക്ക് ദാരിദ്ര്യവും കഷ്ടതയും അധികരിച്ച് കൊണ്ടേയിരിക്കുന്നുവെന്ന മാര്‍ക്‌സിന്റെ അഭിപ്രായം പൂര്‍ണാര്‍ത്ഥത്തില്‍ ശരി തന്നെയാണ്. പക്ഷെ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാരണം മാര്‍ക്‌സ് വിലയിരുത്തിയ പോലെ കേവലം വ്യക്തിയുടമാവകാശം മാത്രമല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മുതലാളിത്ത സിദ്ധാന്തം നിലനില്‍ക്കുന്ന കേവല ഭൗതിക വീക്ഷണമാണ് പ്രസ്തുത അന്തരം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ വഴിവെച്ചത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പ്രസ്തുത മുതലാളിത്തം അതിന്റെ അടിസ്ഥാനമായി സ്വീകരിച്ച ഭൗതിക വീക്ഷണം തന്നെയാണ് അതിനെ ചികിത്സിക്കാന്‍ രംഗത്ത് വന്ന കമ്യൂണിസവും അതിന്റെ അടിത്തറയായി പ്രതിഷ്ടിച്ചത്! പ്രസ്തുത രണ്ട് വീക്ഷണങ്ങളും ലോകത്തിന് സമ്മാനിച്ചത് ചൂഷണവും പട്ടിണിയും അക്രമവും മാത്രമാണ് എന്നര്‍ത്ഥം.

About mahmood bin ahmad raheeli

Check Also

577

സെക്യുലറിസത്തില്‍ മതിമറന്നവര്‍ -1

പടിഞ്ഞാറന്‍ സെക്യുലറിസത്തിന്റെ ആധിപത്യം കണ്ട് കണ്ണ് മഞ്ഞളിച്ച പലരും അതിന്റെ വക്താക്കളായിത്തീരുകയും, പുരോഗതിയുടെയും ഔന്നത്യത്തിന്റെയും മാര്‍ഗമായി അതിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ …

Leave a Reply

Your email address will not be published. Required fields are marked *