വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍

മാനവസമൂഹത്തെ വളരെയധികം സ്വാധീനിച്ച വ്യക്തിത്വമായിരുന്നു പ്രവാചകന്‍ മുഹമ്മദ്(സ) എന്നതില്‍ രണ്ടഭിപ്രായമില്ല. അതിനാലാണ് മാനവചരിത്രത്തിലെ നൂറ് അനശ്വര വ്യക്തിത്വങ്ങളെ രേഖപ്പെടുത്തിയ

അമേരിക്കന്‍ ക്രിസ്ത്യാനിയായിരുന്ന മൈക്കല്‍ എച്ച് ഹാര്‍ട്ട് മുഹമ്മദ് പ്രവാചകനെ പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. നിര്‍മാണാത്മകമോ, നിഷേധാത്മകമോ എന്ന് പരിഗണന മാറ്റി വെച്ച്, മാനവകുലത്തിന് മേല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളെയാണ് അദ്ദേഹം എണ്ണി തിട്ടപ്പെടുത്തിയത്. ഇത്തരമൊരു വ്യക്തിത്വത്തെക്കുറിച്ച്, അയാള്‍ സത്യസന്ധനാണെങ്കില്‍ സന്തോഷവാര്‍ത്ത അറിയിക്കാതെ, നുണയനാണെങ്കില്‍ മുന്നറിയിപ്പ് നല്‍കാതെ പൂര്‍വപ്രവാചക വേദങ്ങള്‍ അവതരിക്കപ്പെടുകയില്ലെന്നതാണ് വസ്തുത. അതിനാല്‍ തന്നെ മുന്‍കാല വേദം ലഭിച്ചവര്‍ക്ക് അദ്ദേഹത്തിന്റെ നാമവും, വിശേഷണങ്ങളും വശമുണ്ടായിരുന്നു എന്ന് വിശ്വസിക്കുകയാണ് കൂടുതല്‍ ഉചിതം. മുഹമ്മദ് പ്രവാചകനെ -സ്വന്തം സന്താനങ്ങളെ അറിയുന്നത് പോലെ- വേദക്കാര്‍ക്ക് പരിചയമുണ്ടെന്ന ഖുര്‍ആനിക പ്രസ്താവന ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വേദക്കാരോ, ഏതെങ്കിലും പ്രദേശത്തെ നിവാസികളോ മാത്രമല്ല, മറിച്ച് മാലോകര്‍ക്ക് മുഴുവന്‍ അദ്ദേഹം സുപരിചിതനാണെന്നും, അദ്ദേഹം കൊണ്ട് വന്ന സന്ദേശം അവര്‍ക്കാകമാനം ഉള്ളതാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഹൈന്ദവ വേദങ്ങളില്‍ പ്രവാചകന്‍ മുഹമ്മദിന്റെ നാമവും, വിശേഷണങ്ങളും പരാമര്‍ശിക്കപ്പെട്ടതിനെ സമീപിക്കേണ്ടത് ഈയര്‍ത്ഥത്തിലാണ്.

സാമവേദത്തിന്റെ രണ്ടാം ഭാഗത്തില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ഖണ്ഡികകളില്‍ പ്രവാചകന്‍ മുഹമ്മദി(സ)നെക്കുറിച്ച വിവരണം കാണാവുന്നതാണ്. സ്തുതിക്കപ്പെടുന്നവന്‍ എന്ന് പേരായ ഒരാള്‍ തന്റെ നാഥനില്‍ നിന്ന് ശരീഅത്ത് സ്വീകരിക്കുമെന്നും, ആ നിയമസംഹിത സാരോപദേശങ്ങള്‍ നിറഞ്ഞതാണെന്നും, സൂര്യനില്‍ നിന്ന് പ്രകാശം കൊളുത്തിയെടുക്കന്നത് പോലെ അദ്ദേഹം അതില്‍ നിന്ന് പ്രകാശമെടുക്കുമെന്നും പ്രസ്തുത വേദം വിവരിക്കുന്നുണ്ട്.

ഇപ്രകാരം തന്നെ മജൂസികളുടെ വേദം എന്ന പേരില്‍ പ്രസിദ്ധമായ, സൗരാഷ്ട്രരുടെ ഗ്രന്ഥങ്ങളിലും തിരുമേനി(സ)യെക്കുറിച്ച സൂചനകള്‍ കാണാവുന്നതാണ്. മാലോകര്‍ക്ക് കാരുണ്യവുമായി പ്രവാചകന്‍ കടന്നുവരുമെന്നും, അബൂലഹബ് എന്ന് പേരായ ശത്രു അദ്ദേഹത്തിന് മുന്നില്‍ വിഘ്‌നം സൃഷ്ടിക്കുമെന്നും പ്രസ്തുത വേദവചനങ്ങള്‍ വ്യക്തമാക്കുന്നു. സമന്മാരില്ലാത്ത, ഭാര്യയോ, പിതാവോ, മാതാവോ, സന്താനങ്ങളോ, ഭവനമോ, ശരീരമോ, രൂപമോ, നിറമോ, മണമോ, തുടക്കമോ, ഒടുക്കമോ ഇല്ലാത്ത ഏകനായ ദൈവത്തിലേക്കാണ് അദ്ദേഹം ജനങ്ങളെ ക്ഷണിക്കുകയെന്ന് കൂടി പ്രസ്തുത വചനങ്ങള്‍ വിശദീകരിക്കുന്നു.

ഈ സൂചനയും പ്രവാചകന്‍ മുഹമ്മദി(സ)ന് നേര്‍ക്കുള്ളതാണെന്നതും വളരെ വ്യക്തമാണ്. കാരണം ‘മാലോകര്‍ക്ക് കരുണ’യായാണ് തിരുദൂതര്‍(സ) നിയോഗിക്കപ്പെട്ടത് എന്ന് വിശുദ്ധ ഖുര്‍ആനും പ്രഖ്യാപിച്ചിരിക്കുന്നു. ദൈവത്തിന്റെ ഏകത്വം, അനാശ്രയത്വം എന്നിവ സ്ഥാപിച്ചും, അവന്ന് ഭാര്യയോ മക്കളോ ബന്ധുക്കളോ ഇല്ലെന്നും വ്യക്തമാക്കി ഖുര്‍ആനിക സൂക്തങ്ങളും അദ്ദേഹത്തിന് മേല്‍ അവതരിക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, അദ്ദേഹത്തിന്റെ പ്രതിയോഗികളില്‍ വിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് ശപിച്ച ഏക ശത്രു അബൂലഹബ് മാത്രമാണ്. പ്രവാചകന്റെ പിതൃവ്യനായിരുന്ന അയാളെക്കുറിച്ച് വിവരിക്കുന്നത് ഖുര്‍ആനിലെ അല്‍മസദ് അദ്ധ്യായം.

സൗരാഷ്ട്രരുടെ ഗ്രന്ഥങ്ങളിലും ഈയര്‍ത്ഥത്തിലുള്ള പല പരാമര്‍ശങ്ങളും കാണാവുന്നതാണ്. (സൗരാഷ്ട്രര്‍ തങ്ങളുടെ മതം ഉപേക്ഷിച്ച്, പതനം അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ അറബ് നാടുകളില്‍ നിന്ന് ഒരു നവോത്ഥാന നായകന്‍ രംഗപ്രവേശം നടത്തുകയും, അദ്ദേഹത്തിന്റെ അനുചരന്മാര്‍ പേര്‍ഷ്യയെ പരാജയപ്പെടുത്തുകയും, അഹങ്കാരികളായ പേര്‍ഷ്യന്‍ പടയാളികള്‍ അവര്‍ക്ക് വിധേയപ്പെടുകയും ചെയ്യുന്നതാണ്. ഈ വിജയികള്‍ തങ്ങളുടെ മുഖങ്ങള്‍ ഇബ്‌റാഹീമിന്റെ കഅ്ബയിലേക്ക് തിരിക്കുന്നു. കഅ്ബ വിഗ്രഹങ്ങളില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ടതിന് ശേഷമായിരിക്കും ഇത്. പേര്‍ഷ്യക്കാരുടെ യജമാനനും, മാലോകര്‍ക്ക് കാരുണ്യവുമായ പ്രവാചകന്റെ അനുയായികളായിത്തീര്‍ന്നവരാണ് അവര്‍. അല്‍ഭുത ദൃഷ്ടാന്തങ്ങളോടെ സംസാരിക്കുന്ന, സ്ഫുടമായ ഭാഷ സംസാരിക്കുന്ന പ്രവാചകനായിരിക്കും അദ്ദേഹം).

പേര്‍ഷ്യക്കാര്‍ക്ക് മേല്‍ അറബികള്‍ ആധിപത്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് സ്വാബിഅഃ വിഭാഗത്തിന്റെ പരിശുദ്ധ വേദത്തിലും പരാമര്‍ശമുണ്ട്. അവരുടെ വേദത്തിന്റെ പതിനെട്ടാം അദ്ധ്യായത്തില്‍ സൂചിപിക്കുന്നത് ഇപ്രകാരമാണ് (പ്രവാചകന്മാരുടെ തുടര്‍ച്ചയായി, അവരുടെ അവസാനമായി ഒരു കാലത്ത് പേര്‍ഷ്യക്കാര്‍ക്ക് ഒരു രാജാവ് വരാനിരിക്കുന്നു).

About dr. jamal al-husaini abu farha

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *