വിധേയത്വമാണ് സ്വേഛാധിപത്യത്തിന്റെ ഈറ്റില്ലം -1

സ്വേഛാധിപതിയായ ഫറോവയെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുക മാത്രമല്ല, അയാള്‍ക്ക് കീഴ്‌പെട്ട, വിധേയപ്പെട്ട പൊതുസമൂഹത്തെ കുറ്റപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നു വിശുദ്ധ ഖുര്‍ആന്‍ (അങ്ങനെ

ഫറവോന്‍ തന്റെ ജനത്തെ വിഡ്ഢികളാക്കി. അതോടെ അവര്‍ അവനെ അനുസരിച്ചു. അവര്‍ തീര്‍ത്തും അധാര്‍മികരായ ജനതയായിരുന്നു). അസ്സുഖ്‌റുഫ് 54.
ഫറോവയുടെ സ്വേഛാധിപത്യ പ്രവണത ഒരു വശത്ത് നികൃഷ്ടമായ ധിക്കാരതില്‍ നിന്നും, മറുവശത്ത് പ്രതിലോമപരമായ വിശേഷണങ്ങളുള്ള സമൂഹത്തില്‍ നിന്നുമാണ് രൂപംകൊള്ളുന്നത്. അടിച്ചമര്‍ത്തലുകളെ സ്വീകരിക്കാനുള്ള മാനസികവും, ചിന്താപരവുമായ അവസ്ഥയിലല്ലാതെ സ്വേഛാധിപത്യത്തിന് വേരുറപ്പിക്കാനാവില്ല. അധിനിവേശ പ്രവണതയെ ശാസ്ത്രീയമായും, ചരിത്രപരമായും അപഗ്രഥിച്ചതിന് ശേഷം ലോകപ്രശസ്ത ചിന്തകന്‍ മാലിക് ബിന്നബി എത്തിച്ചേര്‍ന്നത് ഈ നിഗമനത്തില്‍ തന്നെയാണ്. സാംസ്‌കാരികവും, മാനസികവുമായ ദൗര്‍ബല്യവും തകര്‍ച്ചയും ബാധിക്കുകയും, സ്വയം പ്രതിരോധിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്ത ‘അധിനിവേശത്തെ സ്വീകരിക്കാന്‍’ പാകപ്പെട്ട സമൂഹങ്ങള്‍ക്കാണ് പുറമെയുള്ള ശക്തികളുടെ ആക്രമണത്തിന് ഇരയാവേണ്ടി വന്നതെന്ന് അദ്ദേഹം കുറിക്കുന്നു. അധിനിവേശത്തിന്റെ വളര്‍ച്ചക്ക് ഇവിടെ കാരണമായത് തന്നെയാണ് മുമ്പ് ഫറോവന്‍ സ്വേഛാധിപത്യത്തിന് കാരണമായതെന്ന് സാരം.
ഫറോവയുടെ ‘നിങ്ങളുടെ പരമോന്നതനായ റബ്ബ് ഞാന്‍ തന്നെയാണ്’ എന്ന പ്രഖ്യാപനത്തെക്കുറിച്ച ചര്‍ച്ചയില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് ‘അടിച്ചമര്‍ത്തലിന് വിധേയപ്പെടുക’യെന്ന ഹീനമായ സമീപനത്തെ കൈകാര്യം ചെയ്യുന്നുണ്ട്. (തന്റെ ജനതയുടെ അശ്രദ്ധയിലും, വിധേയത്വത്തിലും, കീഴടങ്ങളിലും വഞ്ചിതനായ അക്രമിയുടെ വാക്കുകളാണിവ. പൊതുജനത്തിന്റെ അശ്രദ്ധ, നിന്ദ്യത, ഹീനത്വം, വിധേയത്വം തുടങ്ങിയവയേക്കാള്‍ കൂടുതലായി ഒരു ഭരണാധികാരിയെ വഞ്ചിതാനക്കുന്ന മറ്റൊന്നുമില്ല. ശക്തിയോ, അധികാരമോ ഇല്ലാത്ത കേവല വ്യക്തി മാത്രമാണ് അക്രമിയായ ഭരണാധികാരിയും. എന്നാല്‍ അശ്രദ്ധാലുക്കളായ ജനത, തങ്ങളുടെ പുറം കുനിച്ച് അയാളെ പുറത്ത് കയറ്റി സഞ്ചരിക്കുകയാണ് ചെയ്യുന്നത്! അവര്‍ അയാള്‍ക്ക് കഴുത്ത് നീട്ടിക്കൊടുക്കുകയും, അയാളവരെ തെളിക്കുകയും ചെയ്യുന്നു! ജനങ്ങള്‍ അയാള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതോടെ, അയാള്‍ അവര്‍ക്ക് മേല്‍ ഉയര്‍ന്ന് നില്‍ക്കുന്നു! തങ്ങളുടെ പ്രതാപവും അഭിമാനവും പണയപ്പെടുത്തുക വഴി, അയാള്‍ക്ക് തങ്ങളുടെ മേല്‍ ആധിപത്യം നല്‍കുകയാണ അവര്‍ ചെയ്യുന്നത്.
ചിലപ്പോഴൊക്കെ സ്വയം വഞ്ചിതരായും മറ്റ് ചിലപ്പോള്‍ ഭയം കൊണ്ടും പൊതുജനം ഇപ്രകാരം ചെയ്യാറുണ്ട്. കേവലം തെറ്റിദ്ധാരണയില്‍ നിന്നോ, ഊഹത്തില്‍ നിന്നോ ഉടലെടുക്കുന്ന ഭയമാണത്. കേവലം ഒരു വ്യക്തിയായ സ്വേഛാധിപതി എങ്ങനെയാണ് ആയിരങ്ങളോ, ലക്ഷങ്ങളോ വരുന്ന ജനങ്ങളേക്കാള്‍ ശക്തനാവുക! ലക്ഷക്കണക്കിന് വരുന്ന ഈ പൊതുജനം തങ്ങളുടെ അഭിമാനത്തെയും, പ്രതാപത്തെയും, സ്വാതന്ത്ര്യത്തെയും, അവകാശത്തെയും കുറിച്ച് ബോധവരായാല്‍ അവരില്‍ ഓരോരുത്തരും ശക്തിയില്‍ സ്വേഛാധിപതിക്ക് തുല്യനായിത്തീരുന്നതാണ്. പക്ഷെ, ഒന്നിനും ശേഷിയില്ലാത്ത ദുര്‍ബലരും ഹീനരുമാണ് തങ്ങളെന്ന അധമബോധം സ്വേഛാധിപതികള്‍ അവരുടെ ഹൃദയങ്ങളില്‍ ആദ്യമെ നിറച്ചിരിക്കുന്നു! മാന്യമായ ഒരു സമൂഹത്തില്‍ ഒരാള്‍ക്കും ഒരിക്കലും സ്വേഛാധിപതിയാകാന്‍ കഴിയില്ല. സന്മാര്‍ഗികളായ ഒരു സമൂഹത്തിലും ഒരാള്‍ക്കും സ്വേഛാധിപതിയാകാനുള്ള അവസരമുണ്ടാവില്ല. സ്വന്തം നാഥനെ തിരിച്ചറിഞ്ഞ, അവനില്‍ വിശ്വസിച്ച, സൃഷ്ടികള്‍ക്ക് വിധേയപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹത്തിലും സ്വേഛാധിപതികള്‍ ഉടലെടുക്കുകയില്ല.
വിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത, നിന്ദ്യതയും പതിത്വവും നിറഞ്ഞ ജനതയാണ് തന്റേതെന്ന തിരിച്ചറിവാണ് ഫറോവയെ പ്രചോദിപ്പിച്ചത്. അതിനാലാണ് താന്‍ തന്നെയാണ് ദൈവമെന്ന് പ്രഖ്യാപിക്കാനുള്ള ധിക്കാര്യവും ധാര്‍ഷ്ട്യവും അയാള്‍ക്കുണ്ടായത്. വിശ്വാസമുള്ള, കാര്യങ്ങളെക്കുറിച്ച ശരിയായ അവബോധമുള്ള ഒരു സമൂഹത്തിന് മുമ്പില്‍ ഒരു ഭരണാധികാരിക്കും ഇങ്ങനെ പ്രഖ്യാപിക്കാനാവില്ല. ഒരു ഈച്ചയില്‍ നിന്ന് പോലും അവകാശം തിരിച്ച് പിടിക്കാന്‍ പ്രാപ്തിയില്ലാത്ത പറ്റെ ദുര്‍ബലനാണ് തങ്ങളുടെ ഭരണാധികാരിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല).
സ്വേഛാധിപത്യമെന്നത് ഏതെങ്കിലും നിര്‍ണിത ചരിത്രഘട്ടവുമായോ, ഭൂപ്രദേശവുമായോ, ജനതയുമായോ ബന്ധപ്പെട്ട പ്രതിഭാസമല്ല. മറിച്ച് ഏതാനും ചില വിശേഷണങ്ങള്‍ സമ്മേളിച്ച ജനതകളാണ് പ്രസ്തുത രോഗത്തിന് വിധേയമാവുക. മാനസികമായി തകര്‍ന്ന, ആത്മവിശ്വാസം നഷ്ടപ്പെട്ട, മനുഷ്യവിഭവശേഷി സക്രിയമാക്കാന്‍ പ്രാപ്തിയില്ലാത്ത, ഭൗതിക സാഹചര്യങ്ങള്‍ മുതലെടുക്കാനറിയാത്ത സമൂഹങ്ങള്‍ തങ്ങളുടെ കാര്യങ്ങളെല്ലാം ഭരണാധികാരിയെ ഏല്‍പിക്കുകയും, അയാളവ തോന്നിയത് പോലെ നിയന്ത്രിക്കുകയും ചെയ്യുന്നു. വൈദേശിക അധിനിവേശവും, നീതികെട്ട ഭരണാധികാരിയും തഴച്ച് വളരുന്ന മണ്ണെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. പ്രതിരോധശേഷി നഷ്ടപ്പെട്ട ശരീരത്തില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുകയും, പലവിധ മരുന്നുകള്‍ പരീക്ഷിച്ചതിന് ശേഷം ഒടുവില്‍ കീഴടങ്ങുകയും ചെയ്യുന്ന വ്യക്തികളെപ്പോലെയാണിത്.

About abdul azeez kaheel

Check Also

moses-and-the-burning-bush-0001107-full

മൂസായുടെ അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ -1

ഇബ്‌റാഹീം പ്രവാചകന്റെ നിയോഗം കഴിഞ്ഞ് ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മസീഹിന്റെ ആഗമനത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇബ്‌റാഹീമിന്റെ മകന്‍ …

Leave a Reply

Your email address will not be published. Required fields are marked *