വിഗ്രഹാരാധനയോട് തിരുമേനി(സ) സ്വീകരിച്ച സമീപനം -1

രണ്ട് സംഭവങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് ഈ ലേഖനം തുടങ്ങാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തിരുമേനി(സ)യുടെ നിയോഗത്തിന്റെ പ്രാരംഭത്തിലാണ് അവയിലൊന്ന്. രണ്ടാമത്തേത്

മക്കാ വിജയത്തിന് ശേഷവും. രണ്ട് സംഭവങ്ങള്‍ക്കും ഇസ്ലാമില്‍ ഒരേ വിധിയാണുണ്ടായിരുന്നത്. മാറ്റങ്ങള്‍ക്ക് വിധേയമാവാത്ത അടിസ്ഥാനങ്ങളുടെ ഗണത്തിലാണ് അവയുള്‍പെടുക. എന്നാല്‍ രണ്ട് കാലഘട്ടങ്ങളിലെ രണ്ട് സംഭവങ്ങളോട് സ്വീകരിച്ച സമീപനം തീര്‍ത്തും വ്യത്യസ്തമായിരുന്നു.
അംറ് ബിന്‍ അബസഃ അസ്സല്‍മിയുടെ ഇസ്ലാം ആശ്ലേഷണമായിരുന്നു ഒന്നാമത്തെ സന്ദര്‍ഭം. ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ചവരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇസ്ലാമിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് ഒരുപാട് സന്ദേശങ്ങള്‍ നല്‍കുന്ന അനുഭവമായിരുന്നു. ഇമാം നവവി വ്യക്തമാക്കിയത് പോലെ ഒരുപാട് അടിസ്ഥാനങ്ങളും, തത്വങ്ങളും, വിവരങ്ങളും അത് പകര്‍ന്ന് നല്‍കുന്നുണ്ട്. ബഹുദൈവ വിശ്വാസത്തിന്റെ ചില പ്രവണതകള്‍ കാണപ്പെടുന്ന ചില മുസ്ലിംകള്‍ രാഷ്ട്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ചരിത്രം പ്രയോജനപ്പെട്ടേക്കും.
പ്രസ്തുത സംഭവം ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത ഇങ്ങനെയാണ് (ജാഹിലിയ്യാ കാലത്ത് തന്നെ ജനങ്ങളുടെ വഴികേടിനെക്കുറിച്ച് ബോധ്യമുള്ളവരുടെ ഗണത്തിലായിരുന്നു ഞാന്‍. വിഗ്രഹാരാധന നടത്തുന്നവര്‍ അബദ്ധമാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. അതിനിടെയാണ് മക്കയില്‍ പുതിയ വൃത്താന്തവുമായി ഒരു മനുഷ്യന്‍ രംഗത്തെത്തിയിരിക്കുന്നുവെന്ന് ഞാന്‍ കേട്ടത്. ഞാന്‍ വാഹനപ്പുറത്ത് കയറി നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. അപ്പോഴുണ്ട് തിരുദൂതര്‍ക്കെതിരെ സ്വന്തം ജനത ഒന്നടങ്കം ഇളകിയിരിക്കുന്നു. ഞാന്‍ വളരെ രഹസ്യമായി അദ്ദേഹത്തെ കണ്ടു കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു ‘ഞാന്‍ പ്രവാചകനാണ്’. ‘എന്ത് പ്രവാചകന്‍?’ എന്ന് ചോദിച്ചപ്പോള്‍ ‘അല്ലാഹുവാണ് എന്നെ നിയോഗിച്ചതെന്ന്’ അദ്ദേഹം മറുപടി നല്‍കി. ‘എന്ത് സന്ദേശവുമായാണ് താങ്കള്‍ അയക്കപ്പെട്ടത്?’ എന്ന് ഞാന്‍. അദ്ദേഹം പറഞ്ഞു ‘കുടുംബ ബന്ധം ചേര്‍ക്കുക, വിഗ്രഹങ്ങളെ തകര്‍ക്കുക, ഏകനായ ദൈവത്തെ ആരാധിക്കുക, അവനില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുക എന്നിവയാണ് അവന്‍ എനിക്ക് നല്‍കിയ സന്ദേശം’. ‘ഞാന്‍ താങ്കളെ പിന്‍പറ്റാം’ എന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘താങ്കള്‍ക്ക് ഇന്നതിന് സാധിക്കുകയില്ല. ഈ ജനങ്ങളെ താങ്കള്‍ കണ്ടില്ലേ? താങ്കള്‍ കുടുംബത്തിലേക്ക് തന്നെ മടങ്ങുക. ഞാന്‍ വിജയം വരിച്ചതായി കേട്ടാല്‍ താങ്കള്‍ തിരിച്ച് വരിക’. ഞാന്‍ നാട്ടിലേക്ക് തന്നെ മടങ്ങി. തിരുമേനി(സ) മദീനയിലേക്ക് എത്തിച്ചേര്‍ന്നതായി ഞാന്‍ അറിഞ്ഞു. കുടുംബത്തോടൊപ്പമായിരിക്കെ തന്നെ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ആരാഞ്ഞുകൊണ്ടേയിരുന്നു. മദീനയില്‍ നിന്ന് വരുന്നവരോട് ഞാന്‍ വാര്‍ത്തകള്‍ ചോദിച്ചറിഞ്ഞു. അതിനിടെ മദീനക്കാരായ ഒരു വിഭാഗം വന്നു. ഞാന്‍ അവരോട് ചോദിച്ചു ‘മദീനയില്‍ വന്ന ആ മനുഷ്യന്‍ എന്താണ് ചെയ്തത്? അവര്‍ പറഞ്ഞു ‘ആളുകള്‍ അദ്ദേഹത്തിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. സ്വന്തം ജനത അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ക്കതിന് സാധിച്ചില്ല’. ഞാന്‍ മദീനയിലേക്ക് ചെന്നു അദ്ദേഹത്തെ കണ്ടു. ‘അല്ലാഹുവിന്റെ ദൂതരെ, താങ്കള്‍ക്ക് എന്നെ അറിയാമോ? ഞാന്‍ ചോദിച്ചു. ‘അതെ, മക്കയില്‍ വെച്ച് എന്റെയടുത്ത് വന്നത് താങ്കളായിരുന്നില്ലേ?’ എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു……)
‘ഇന്ന് താങ്കള്‍ക്കതിന് സാധിക്കുകയില്ല’ എന്ന പ്രവാചക വചനം വിശദീകരിച്ച് ഇമാം നവവി പറയുന്നു (മുസ്ലിംകള്‍ ദുര്‍ബലരായത് കൊണ്ട് താങ്കള്‍ക്കതിന് സാധിക്കുകയില്ല. ഖുറൈശികള്‍ താങ്കളെ ഉപദ്രവിക്കുമെന്ന് നാം ഭയപ്പെടുന്നു. പക്ഷെ, താങ്കള്‍ക്ക് ദൈവത്തില്‍ നിന്ന് പ്രതിഫലമുണ്ട്. താങ്കള്‍ സ്വന്തം കുടുംബത്തിലേക്ക് മടങ്ങി ഇസ്ലാമില്‍ തന്നെ ഉറച്ച് നില്‍ക്കുക. ഞാന്‍ വിജയിച്ചതിന് ശേഷം തിരിച്ച് വരിക).
രണ്ടാമത്തെ സംഭവവും ഇമാം മുസ്ലിം തന്നെ ഉദ്ധരിച്ചിട്ടുണ്ട്. അബുല്‍ ഹയ്യാജ് ബിന്‍ അസദി പറയുന്നു. അലി(റ) എന്നോട് പറഞ്ഞു ‘തിരുമേനി(സ) എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം ഞാന്‍ താങ്കളെക്കൂടി ഏല്‍പിക്കട്ടെ? ‘ഒരു വിഗ്രഹത്തെയും താങ്കള്‍ തകര്‍ക്കാതെ ഉപേക്ഷിക്കരുത്. ഉയര്‍ത്തപ്പെട്ട ഒരു ശവകുടീരവും നിരപ്പാക്കാതിരിക്കരുത്.).
ഖബ്‌റുകള്‍ കെട്ടിപ്പൊക്കരുതെന്നും അപ്രകാരം ചെയ്യുന്നത് കുറ്റകരമാണെന്നും ഇവിടെ വ്യക്തമാണ്. അപ്രകാരം ചെയ്യുന്നവരെ തിരുമേനി(സ) ശപിക്കുകയും ചെയ്തിരിക്കുന്നു.
ആദ്യത്തെ സംഭവത്തില്‍ ഏകദൈവാരാധന നടപ്പാക്കാനും, വിഗ്രഹങ്ങള്‍ തകര്‍ക്കാനുമാണ് താന്‍ നിയോഗിക്കപ്പെട്ടതെന്ന് തിരുമേനി(സ) അംറിനോട് പറയുന്നുണ്ട്. അതേസമയം അദ്ദേഹത്തോട് വിഗ്രഹത്തെ തകര്‍ക്കാന്‍ കല്‍പിച്ചില്ലെന്ന് മാത്രമല്ല, വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ ഇതിന് വിപരീതമായ സമീപനമാണ് തിരുമേനി(സ) സ്വീകരിച്ചത്. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹാരാധനയോട് രണ്ട് സാഹചര്യങ്ങളില്‍ തിരുമേനി(സ) രണ്ട് വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിച്ചുവെന്നതാണ് വിഷയത്തിന്റെ മര്‍മം. ആദ്യത്തേത് മുസ്ലിംകള്‍ ദുര്‍ബലരായിരുന്ന പ്രബോധനഘട്ടം ശൈശവത്തിലായിരുന്ന മക്കാകാലഘട്ടത്തിലും രണ്ടാമത്തേത് മുസ്ലിംകള്‍ക്ക് അധികാരം ലഭിച്ച മക്കാവിജയത്തിന് ശേഷവുമായിരുന്നു.

About dr. saad bin mathar al-uthaybi

Check Also

trinity_diagram

ത്രിയേകത്വം: ഇന്ത്യന്‍ പാരമ്പര്യത്തില്‍ -1

അതിപുരാതനമായ പാരമ്പര്യമുള്ള, പ്രശോഭിതമായ നാഗരിക പൈതൃകങ്ങള്‍ സ്വായത്തമാക്കിയ രാഷ്ട്രങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ആര്യന്മാരുടെ ആക്രമണത്തോടെ പ്രസ്തുത നാഗരികത തുടച്ചുനീക്കപ്പെടുകയും, അധിനിവിഷ്ട …

Leave a Reply

Your email address will not be published. Required fields are marked *