വിശ്വാസിയുടെ ജീവിതത്തില്‍ വുദുവിന്റെ പ്രസക്തി -2

ശരീരം മുഴുവന്‍ ശുദ്ധീകരിക്കേണ്ട അവസ്ഥയിലാണെങ്കില്‍ വുദു മാത്രം പ്രയോജനം ചെയ്യുകയില്ല. ശുക്ലോല്‍പാദനം മുഖേനെയോ, ആര്‍ത്തവ-പ്രസവ രക്തങ്ങള്‍ മുഖേനെയോ വലിയ അശുദ്ധിയുണ്ടാകുന്ന സാഹചര്യങ്ങള്‍ ശരീരം മുഴുവന്‍

വൃത്തിയാകുന്ന വിധത്തില്‍ കുളിക്കുകയാണ് വേണ്ടതെന്ന് ഇസ്ലാം നിയമമാക്കുന്നു. ശരീരത്തില്‍ മാലിന്യത്തിന്റെ യാതൊരംശവും അവശേഷിക്കാത്ത വിധത്തില്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട് എന്നാണ് ഇസ്ലാമിന്റെ കല്‍പന. ചകരിനാര്, പുല്‍ചെടി തുടങ്ങിയവയെല്ലാം ഉപയോഗിച്ചായിരുന്നു മുന്‍കാലത്ത് ശരീരം വൃത്തിയായി കഴുകിയിരുന്നത്. ഇക്കാലത്ത് ഈ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉതകുന്ന ഒട്ടേറെ പദാര്‍ത്ഥങ്ങള്‍ ശാസ്ത്രന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്!
അദ്ധ്യാപകന്‍ (വിജ്ഞാനം പകര്‍ന്ന് നല്‍കുന്നവന്‍) വൈദ്യനെപ്പോലെയാണ്. അവര്‍ രണ്ടു പേരും മനുഷ്യനെ പൂര്‍ണതയിലേക്കാണ് നയിക്കുന്നത്. വൈദ്യന്‍ അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ശരീരത്തിന്റെ പൂര്‍ണതയാണ് ലക്ഷ്യം വെക്കുന്നത്. ഇപ്രകാരമാണ് ഇസ്ലാമും ചെയ്യുന്നത്. ശരീരം മുഴുവന്‍ വൃത്തിയായി സ്വീകരിക്കണമന്നും, അലങ്കൃതമാക്കണമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ ഇസ്ലാം യാതൊരു ലജ്ജയും കാണിച്ചിട്ടില്ല. തിരുമേനി(സ) അരുള്‍ ചെയ്തു (അഞ്ച് കാര്യങ്ങള്‍ പ്രകൃതിയുടെ ഭാഗമാണ്. ചേലാകര്‍മം നടത്തുക, ലൈംഗികാവയവങ്ങളുടെ ഭാഗത്തുള്ള മുടി നീക്കുക, മീശ കത്രിക്കുക, നഖം മുറിക്കുക, കക്ഷം വൃത്തിയാക്കുക എന്നിവയാണവ).
ശുദ്ധപ്രകൃതിയുടെ സംരക്ഷണമെന്നത് മനുഷ്യന്‍ തന്റെ ശരീരത്തെ വൃത്തിയോട് കൂടി പരിപാലിക്കലാണെന്ന് തിരുമേനി(സ) മുകളിലുദ്ധരിച്ച ഹദീഥിലൂടെ വ്യക്തമാക്കുന്നു.
തലമുടി നീട്ടി വളര്‍ത്തുന്നവര്‍ അവ വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. തിരുമേനി(സ) അരുള്‍ ചെയ്യുന്നു (മുടിയുള്ളവന്‍ അതിനെ ആദരിക്കട്ടെ)!!
വായ കഴുകുകയും പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ നീക്കിക്കളയുകയും ചെയ്യേണ്ടതുണ്ട്. വായ്‌നാറ്റം അതിന്റെ വ്യക്തിയ്ക്ക് പരീക്ഷണവും, മറ്റുള്ളവര്‍ക്ക് ഉപദ്രവവുമാണ്. അതിനാലാണ് വായ്‌നാറ്റമുണ്ടായിരിക്കെ സുപ്രധാനമായ ജമാഅത്ത് നമസ്‌കാരത്തില്‍ പോലും പങ്കെടുക്കരുതെന്ന് തിരുമേനി(സ) അരുള്‍ ചെയ്തത്. ചെറിയുള്ളിയോ, വെള്ളുള്ളിയോ തിന്നു വായ കഴുകാതെ പള്ളിയില്‍ വരരുതെന്നും, അവര്‍ പൊതുസദസ്സുകളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും തിരുമേനി(സ) പഠിപ്പിച്ചത് ഈയര്‍ത്ഥത്തലാണ്. സിവാക് അഥവാ ബ്രഷ് ഉപയോഗിച്ച് വായ വൃത്തിയാക്കുന്നതിനെക്കുറിച്ച ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ നിരവധിയാണ്.
കേവലം ചില ശുചീകരണ നിയമങ്ങള്‍ കൊണ്ട് അവസാനിക്കുന്നതല്ല ഇസ്ലാമിന്റെ അദ്ധ്യാപനങ്ങള്‍. മറിച്ച്, അതിനോട് ചേര്‍ന്ന് ശരീരത്തിന്റെ രൂപത്തിന് അനുസരിച്ച, ആദരവുണ്ടാക്കുന്ന അലങ്കാരങ്ങള്‍ ഉപയോഗിക്കാനും ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. അബൂദാവൂദ്, നസാഈ തുടങ്ങിയവര്‍ ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീഥ് ഇപ്രകാരമാണ് (ഒരു സ്ത്രീ മറയ്ക്ക് പിന്നില്‍ നിന്ന് ഒരു ഗ്രന്ഥം തിരുമേനി(സ)ക്ക് നീട്ടിക്കൊടുത്തു. തിരുമേനി(സ) ആ കൈപിടിച്ചു. ശേഷം അദ്ദേഹം ചോദിച്ചു ‘എനിക്കറിയില്ല, ഇത് ആണിന്റെ കയ്യാണോ അതോ പെണ്ണിന്റെയോ? അവര്‍ പറഞ്ഞു ‘സ്ത്രീയുടെ കയ്യാണ്’. അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നീ സ്ത്രീയാണെങ്കില്‍ നിന്റെ നഖങ്ങള്‍ -മൈലാഞ്ചി- അലങ്കരിക്കുക’).
ആഇശ(റ) തന്നെ ഉദ്ധരിക്കുന്ന ഹദീഥ് ഇങ്ങനെയാണ് (ഹിന്ദ് ബിന്‍ത് ഉത്ബഃ പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ ബൈഅത്ത് ചെയ്യട്ടെയോ. അദ്ദേഹം പറഞ്ഞു ‘നിന്റെ മുന്‍കൈകള്‍ വന്യമൃഗങ്ങളുടേത് പോലുണ്ട്. അവ മാറ്റുന്നത് വരെ ഞാന്‍ ബൈഅത്തിന് അനുവദിക്കുകയില്ല).
അലങ്കാരവും, അഴിഞ്ഞാട്ടവും വ്യത്യസ്തമായ കാര്യങ്ങളാണ്. ഉറങ്ങിക്കിടക്കുന്ന വികാരങ്ങള്‍ ഉണര്‍ത്താനുള്ളവയാണ് ആഭാസവും അഴിഞ്ഞാട്ടവും. അവ പാപങ്ങളിലേക്ക് നയിക്കുന്ന വഴികളാണ്. പ്രകൃതിപരമായ സൗന്ദര്യത്തെ മിതമായി പ്രകടിപ്പിക്കുന്നതാണ് അലങ്കാരപ്രകടനം. സ്ത്രീയുടെ സൗന്ദര്യവും, പുരുഷന്റെ സൗന്ദര്യവും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ ഒരു ലിംഗത്തില്‍പെട്ടവര്‍ മറ്റ് ലിംഗത്തില്‍പെട്ടവരുമായി സാദൃശ്യം പുലര്‍ത്തുന്ന വസ്ത്രധാരണമോ, സ്വഭാവരീതിയോ സ്വീകരിക്കാവതല്ല. അഴിഞ്ഞാട്ടം ഇസ്ലാം നിരോധിച്ചുവെന്നത് സ്ത്രീ വൃത്തികേടായി, വികൃതരൂപത്തില്‍ പുറത്തിറങ്ങി നടക്കണമെന്ന് കുറിക്കുന്നില്ല. അവള്‍ ലജ്ജയോട് കൂടി അഴകാര്‍ന്ന വിധത്തില്‍ തന്നെയാണ് നടക്കേണ്ടത്.
ശോഭ എന്നര്‍ത്ഥമാണ് വുദുവിനെ കുറിക്കുന്ന പദത്തിനുള്ളതെന്ന് നാം ആദ്യഭാഗത്തില്‍ വിശദീകരിക്കുകയുണ്ടായി. വൃത്തിയും, സൗന്ദര്യവും അംഗീകരിക്കുന്നതും, പ്രോല്‍സാഹിപ്പിക്കുന്നതുമാണ് ഇസ്ലാമിന്റെ നിലപാട്. ഇസ്ലാമിന്റെ മുഖം വികൃതമാവുകയും, മതബോധമെന്നത് ശരീരത്തെ അവഗണിക്കലാണെന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്തതാണ് ‘വൃത്തികെട്ട’ മതാനുയായികളെ സമ്മാനിച്ചത്!! സ്വന്തം ശരീരത്തോടുള്ള ബാധ്യത നിറവേറ്റാത്തവന്‍ മറ്റാരുടെ ബാധ്യത പൂര്‍ത്തീകരിക്കുമെന്നാണ് നാം വിശ്വസിക്കേണ്ടത്?

About muhammad al gazzali

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *