വ്യഭിചാരത്തിന് ശിക്ഷയേര്‍പെടുത്തിയത് എന്തുകൊണ്ട്? -2

കേവലം വ്യഭിചാരം നിഷിദ്ധമാക്കുക മാത്രമല്ല ഇസ്ലാം ചെയ്തത്, അതിലേക്ക് നയിക്കുന്ന വഴികള്‍ ഭദ്രമായി അടക്കുക കൂടി ചെയ്തിരിക്കുന്നു. വ്യഭിചരിക്കരുത് എന്ന് കല്‍പിക്കുന്നതിന് പകരം

‘വ്യഭിചാരത്തെ സമീപിക്കരുത്’ എന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചത് ഇതിന് ഉത്തമോദാഹരണമാണ്.
വ്യഭിചാരം നിഷിദ്ധമാക്കുകയും, അതിലേര്‍പെടുന്നവന് കഠിനമായ ശിക്ഷ നല്‍കുകയും ചെയ്ത ആദ്യത്തെ ദര്‍ശനമല്ല ഇസ്ലാം എന്ന് നാം മുന്‍ഭാഗത്തില്‍ വിശദീകരിച്ചു കഴിഞ്ഞു. എന്നിരിക്കെ ഇസ്ലാമിന്റെ ശിക്ഷാ നിയമത്തില്‍ മാത്രം രാഷ്ട്രീയ താല്‍പര്യമാണെന്ന് ആരോപിക്കുന്നത് അടിസ്ഥാന രഹിതവും, ബുദ്ധിശൂന്യവുമാണ്.
ദൈവിക മാര്‍ഗത്തില്‍ സമരത്തിലേര്‍പെടുന്ന മുജാഹിദുകളുടെ കുടുംബത്തിന്റെ സുരക്ഷിതത്വമാണ് വ്യഭിചാരത്തിന് ശിക്ഷയേര്‍പെടുത്തിയതിലൂടെ ലക്ഷ്യം വെച്ചതെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. മറിച്ച് സ്ഥല-കാല ഭേദമന്യെ മാനവകുലത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി അവതരിച്ച കല്‍പനയാണത്. ഏതൊരു സമൂഹത്തിന്റെയും ഭദ്രത തകര്‍ക്കാന്‍ മാത്രം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള തിന്മയാണ് വ്യഭിചാരം എന്ന തിരിച്ചറവില്‍ നിന്നുള്ളതാണ് പ്രസ്തുത നിയമാവിഷ്‌കാരം.
ഇബ്‌നുല്‍ ഖയ്യിം തന്റെ ‘രോഗവും ചികിത്സയും’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇങ്ങനെയാണ് (ലോകത്തിന്റെ തന്നെ താല്‍പര്യത്തിന് വിരുദ്ധമാണ് വ്യഭിചാരം കൊണ്ടുള്ള ദോഷവശങ്ങള്‍. വ്യഭിചരിക്കുന്ന സ്ത്രീ സ്വന്തം കുടുംബത്തെയും, ബന്ധുക്കളെയും, ഇണയെയും സമൂഹമധ്യേ അപമാനിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ തലതാഴ്ത്തി, അപമാനിതരായി ജീവിക്കേണ്ട ദുരവസ്ഥ അതുമുഖേനെ പ്രസ്തുത കുടുംബത്തിന് സംജാതമാകുന്നു. വ്യഭിചാരം മുഖേനെ അവള്‍ ഗര്‍ഭിണിയാവുകയും കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്യുന്ന പക്ഷം വ്യഭിചാരത്തിന്റെ കൂടെ കൊലപാതകം കൂടി നടത്തിയിരിക്കുന്നു. അതല്ല കുഞ്ഞിനെ വളര്‍ത്തുകയും ഭര്‍ത്താവിലേക്ക് ചേര്‍ക്കുകയും ചെയ്യുകയാണെങ്കില്‍, അനര്‍ഹമായ സ്ഥാനം അതിന് നല്‍കുകയും അന്യായമായി സ്വന്തം അനന്തരമെടുക്കുകയും ചെയ്യുന്നു.
ഇനി പുരുഷനാണ് വ്യഭിചരിക്കുന്നതെങ്കില്‍ കുടുംബ ബന്ധങ്ങള്‍ കൂട്ടിക്കുഴക്കുകയും, സുരക്ഷിതത്വം അവതാളത്തിലാക്കുകയും ചെയ്യുന്നു. അതുമുഖേനെ ദീനും ദുന്‍യാവും നശിച്ചുപോവുന്നു. എത്രയെത്ര വ്യഭിചാരങ്ങളാണ് അവകാശം ഹനിക്കുകയും, അക്രമം നടത്തുകയും, പവിത്രത പിച്ചിച്ചീന്തുകയും ചെയ്യുന്നത്!!
വ്യഭിചാരം ദാരിദ്ര്യത്തിന് കാരണമാവുകയും, ആയുസ്സ് കുറക്കുകയും, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പരത്തുകയും ചെയ്യുന്നു. എപ്പോഴും വേദനയും പ്രയാസവും ദുഖവും ഭയവും മാത്രമെ വ്യഭിചാരം സമ്മാനിക്കുകയുള്ളൂ. ദൈവത്തില്‍ നിന്ന് വ്യഭിചാരി അകന്ന് പോവുകയും, പിശാചിനോട് അടുക്കുകയുമാണ് ചെയ്യുന്നത്.
വ്യഭിചാരത്തിന്റെ ദോഷങ്ങള്‍ മരണത്തേക്കാള്‍ അപകടകരമാണ്. അതിനാലാണ് ഏറ്റവും വൃത്തികെട്ട വിധത്തില്‍ വ്യഭിചാരിയെ വധിക്കാന്‍ ഇസ്ലാമിക ശരീഅത്ത് കല്‍പിച്ചത്. തന്റെ ഭാര്യ കൊല്ലപ്പെട്ടുവെന്ന് കേള്‍ക്കുന്നതാണ് അവള്‍ വ്യഭിചരിച്ചുവെന്ന് കേള്‍ക്കുന്നതിനേക്കാള്‍ ഏതൊരു പുരുഷനും ആഗ്രഹിക്കുന്നത്).
സഅ്ദ് ബിന്‍ ഉബാദഃ പറഞ്ഞു (‘എന്റെ ഭാര്യയുടെ കൂടെ ഏതെങ്കിലും ഒരാളെ ഞാന്‍ കണ്ടാല്‍ വാള്‍ കൊണ്ട് അവന്റെ തലയറുക്കുന്നതാണ്’. ഇക്കാര്യം ആരോ തിരുമേനി(സ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു ‘സഅ്ദിന്റെ ആത്മരോഷത്തില്‍ നിങ്ങള്‍ അല്‍ഭുതപ്പെടുകയാണോ? അല്ലാഹുവാണ് സത്യം, ഞാന്‍ അദ്ദേഹത്തേക്കാള്‍ ആത്മരോഷമുള്ളവനാണ്. അല്ലാഹു എന്നേക്കാള്‍ ആത്മരോഷമുള്ളവനുമാണ്. അതിനാലാണ് അല്ലാഹു രഹസ്യവും പരസ്യവുമായ തോന്നിവാസങ്ങള്‍ നിരോധിച്ചത്).
ആഇശ(റ) തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. ഗ്രഹണ നമസ്‌കാരത്തിന്റെ ഖുതുബയില്‍ അവിടുന്ന് അരുള്‍ ചെയ്തു (മുഹമ്മദിന്റെ സമൂഹമേ, അല്ലാഹുവാണ, തന്റെ അടിമ വ്യഭിചരിക്കുന്നതില്‍ അല്ലാഹുവിനേക്കാള്‍ ആത്മരോഷമുള്ള ഒരാളുമില്ല. മുഹമ്മദിന്റെ സമൂഹമേ, അല്ലാഹുവാണ, എനിക്കറിയുന്നത് നിങ്ങള്‍ക്കറിയുമായിരുന്നുവെങ്കില്‍ നിങ്ങള്‍ കൂടുതല്‍ കരയുകയും, വളരെ കുറച്ച് മാത്രം ചിരിക്കുകയും ചെയ്തിരുന്നേനെ).
വ്യഭിചാരം വ്യാപിക്കുന്നത് ലോകത്തിന്റെ നാശത്തെയാണ് കുറിക്കുന്നത്. ഖിയാമത്തിന്റെ അടയാളങ്ങളില്‍പെട്ടതാണ് അത്. അനസ് ബിന്‍ മാലിക്(റ) പറയുന്നു (ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം പറഞ്ഞു തരാം. എനിക്ക് ശേഷം മറ്റാരും അത് നിങ്ങള്‍ക്ക് പറഞ്ഞുതന്നേക്കില്ല. തിരുദൂതരില്‍ നിന്ന് ഞാന്‍ കേട്ടതാണ് അത്. ‘വിജ്ഞാനം ഉയര്‍ത്തപ്പെടുക, അജ്ഞത വ്യാപിക്കുക, മദ്യം സാര്‍വത്രികമാകുക, വ്യഭിചാരം വ്യാപിക്കുക, അമ്പത് സ്ത്രീകള്‍ക്ക് ഒരു പുരുഷനെന്ന നിലയില്‍ പുരുഷന്മാര്‍ കുറയുകയും സ്ത്രീകള്‍ അധികരിക്കുകയും ചെയ്യുക എന്നിവയാണവ).

 

About khaleel abdul kareem

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *