വൈരുദ്ധ്യങ്ങളുടെ കലവറയാണ് തൗറാത്ത് -1

തൗറാത്തിലെ വിവിധ ഏടുകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും അനാവശ്യമായ പല ആവര്‍ത്തനങ്ങളും, വിവിധ റിപ്പോര്‍ട്ടുകള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളും കാണാവുന്നതാണ്. ഏകദേശം

എല്ലാ റിപ്പോര്‍ട്ടുകളും രണ്ടോ അതിലധികമോ തവണ തൗറാത്തില്‍ ആവര്‍ത്തിക്കപ്പെടുകയും, അവയ്ക്കിടയില്‍ തന്നെ വ്യക്തമായ വൈരുദ്ധ്യങ്ങള്‍ പ്രകടമാവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ തന്നെ തൗറാത്തിന്റെ വചനങ്ങള്‍ ഒന്നിലേറെ സ്രോതസ്സുകളില്‍ നിന്ന് ശേഖരിക്കപ്പെട്ടവയാണെന്ന് വ്യക്തമാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നാമിവിടെ ചേര്‍ക്കുന്നില്ല. തൗറാത്ത് പലയിടങ്ങളിലായ പരാമര്‍ശിച്ച കണക്കുകള്‍ക്കിടയിലെ ചില വൈരുദ്ധ്യങ്ങള്‍ നമുക്കിവിടെ സൂചിപ്പിക്കാവുന്നതാണ്.

വാക്കുകളും, പ്രയോഗങ്ങളും വ്യാഖ്യാനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും വിധേയമാകുമ്പോള്‍ കണക്കുകള്‍ അതില്‍ നിന്നൊഴിവാണ്. അതിനാല്‍ തന്നെ ഒരു രേഖയുടെ ആധികാരികതയെക്കുറിച്ച അന്വേഷണത്തില്‍ അതില്‍ ഉദ്ധരിക്കപ്പെട്ട കണക്കുകള്‍ക്ക് കാര്യഗൗരവമായ പ്രസക്തിയും പ്രാധാന്യവുമുണ്ട്.

1. ഇബ്‌റാഹീമും പിതാവ് താരിഹും

ഉല്‍പത്തി 11: 26 ല്‍ ഇപ്രകാരം വായിക്കാവുന്നതാണ് (എഴുപതു വയസ്സെത്തിയതിനുശേഷം തേരാഹിന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നീ പുത്രന്‍മാര്‍ ജനിച്ചു). ഇബ്‌റാഹീം പ്രവാചകന്‍ ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവിന് എഴുപത് വയസ്സായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കുന്നു. ശേഷം ഉല്‍പത്തിയില്‍ തന്നെ ഇപ്രകാരം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു (തേരാഹ് ഇരുനൂറ്റഞ്ചുവര്‍ഷം ജീവിച്ചിരുന്നു. അവന്‍ ഹാരാനില്‍വച്ചു മൃതിയടഞ്ഞു). 11: 32

ഇബ്‌റാഹീമിന്റെ പിതാവ് തേരാഹ് ഇരുനൂറ്റിയഞ്ച് വര്‍ഷം ജീവിച്ചുവെന്നാണ് ഉല്‍പത്തി മേല്‍വചനത്തില്‍ കുറിക്കുന്നത്. അതനുസരിച്ച് അദ്ദേഹം മരിക്കുമ്പോള്‍ ഇബ്‌റാഹീമിന് (205-70 = 135) 135 വയസ്സാണ്.

എന്നാല്‍ ഉല്‍പത്തി തന്നെ പറയുന്നത് നോക്കുക (കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു). 12: 4

മേല്‍സൂചിപ്പിച്ച വചനങ്ങളില്‍ ഏതാണ് വിശ്വാസയോഗ്യവും, ആധികാരികവുമെന്ന് ആര്‍ക്കാണ് വിശ്വസിക്കാനാവുക?

2. നൂഹ് പ്രവാചകന്‍ കപ്പലില്‍ എത്രയാണ് താമസിച്ചത് ?

നൂഹ് പ്രവാചകന്റെ കാലത്തെ പ്രളയത്തെക്കുറിക്കുന്ന രണ്ട് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഉല്‍പത്തി പുസ്തകം സമര്‍പിക്കുന്നത്. നൂഹ് പ്രവാചകന്‍ കപ്പലില്‍ കഴിച്ചുകൂട്ടിയ കാലയളവിന്റെ കാര്യത്തിലും വൈരുദ്ധ്യങ്ങളുണ്ട്. നൂഹ് നബി കപ്പലില്‍ പ്രവേശിച്ച നാള്‍ ഉല്‍പത്തി പുസ്തകം ഇപ്രകാരം രേഖപ്പെടുത്തുന്നു (നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു) 7: 11

ഈ റിപ്പോര്‍ട്ടനുസരിച്ച് അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസമാണ് അദ്ദേഹം കപ്പലില്‍ പ്രവേശിച്ചത്. അതില്‍ നിന്ന് പുറത്തിറങ്ങിയതിനെക്കുറിച്ച പരാമര്‍ശം ഇപ്രകാരമാണ് (രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി. ദൈവം നോഹയോടു പറഞ്ഞു : ഭാര്യ, പുത്രന്‍മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടി പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുക). 8: 14-16

ഇതനുസരിച്ച് ഒരു വര്‍ഷവും പത്ത് ദിവസവുമാണ് നൂഹ് പ്രവാചകനും സംഘവും കപ്പലില്‍ കഴിച്ചുകൂട്ടിയത്. ഇവിടെ ഒരു വര്‍ഷം 355 ദിവസങ്ങളാണ്. കാരണം ചന്ദ്രവര്‍ഷമാണ് ഇവിടെ കണക്കാക്കുന്നത്. ആകെ (355+10 = 365) 365 ദിവസം അദ്ദേഹം കപ്പലില്‍ ചെലവഴിച്ചുവെന്ന് സാരം.

എന്നാല്‍ പ്രളയം നാല്‍പത് ദിവസത്തോളം തുടര്‍ന്നുവെന്നും ശേഷം ഇരുപത്തിയൊന്ന് ദിവസങ്ങള്‍ ഭൂമി ഉണങ്ങാനായി കാത്തിരുന്നുവെന്നും ആകെ അറുപത്തിയൊന്ന് ദിവസമാണ് നൂഹ് പ്രവാചകന്‍ കപ്പലില്‍ താമസിച്ചതെന്നും ഉല്‍പത്തിയിലെ തന്നെ മറ്റു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. (വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി). 7: 17

(നാല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹപെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്, ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു. ഭൂമിയില്‍നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു. കാലുകുത്താന്‍ ഇടം കാണാതെ പ്രാവു പെട്ടകത്തിലേക്കു തന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി പ്രാവിനെ പിടിച്ചുപെട്ടകത്തിലാക്കി. ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവന്‍ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു. വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി. ഏഴുനാള്‍കൂടി കഴിഞ്ഞ് അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു). 8: 8-12

ഈ രണ്ടു റിപ്പോര്‍ട്ടുകള്‍ക്കിടയിലെ വൈരുദ്ധ്യം യഥാര്‍ത്ഥത്തില്‍ തൗറാത്ത് എഴുതിയുണ്ടാക്കുകയും ശേഖരിക്കുകയും ചെയ്തവരില്‍ നിന്ന് സംഭവിച്ച വീഴ്ചയെയോ, മറവിയെയോ ആണ് കുറിക്കുന്നത്.

About dr. baha nihal

Check Also

09052013215701_0119111912

തൗറാത്തിന്റെ ആധികാരികത: ചില സംശയങ്ങള്‍ -4

തൗറാത്തിന്റെ ഉള്ളടക്കത്തില്‍ കാര്യമായ കൈകടത്തലുകളും, വക്രീകരണവും നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷുകാരനായ ബൈബ്ള്‍ പണ്ഡിതന്‍ ആദം ക്ലാര്‍ക് സമ്മതിക്കുന്നുണ്ട്. തൗറാത്തിലെ ചില വചനങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *