5765-640x330

യുദ്ധസന്നാഹമാണോ ഇസ്ലാമിലെ നോമ്പ്? -3

യുദ്ധത്തിന് വേണ്ടി സൈന്യത്തെ സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കൂടുതല്‍ വിഷമകരവും, പ്രയാസകരവുമായ പരിശീലനമാണ് സൈനികര്‍ക്ക് നല്‍കുക. കഠിനമായ വെയിലും, വേനലുമുള്ള സമയമാണ് അതിനായി തെരഞ്ഞെടുക്കുക. എങ്കില്‍ മാത്രമെ യുദ്ധവേളകളില്‍ പ്രസ്തുത സാഹചര്യം കടന്നുവന്നാല്‍ അനായാസം അതിനെ മറികടക്കാന്‍ സൈനികര്‍ക്ക് സാധിക്കുകയുള്ളൂ. ഏതാനും ചില പരിശീലനങ്ങള്‍ മാത്രം നടത്തുകയും, ശേഷം അതിനേക്കാള്‍ കഠിനമായ സാഹചര്യം യുദ്ധത്തില്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്താല്‍ സൈനികര്‍ പരാജയപ്പെട്ട് പിന്മാറുകയാണ് ചെയ്യുക. മാത്രവുമല്ല, യുദ്ധകലയെക്കുറിച്ച് പരിജ്ഞാനമോ, യുദ്ധത്തെക്കുറിച്ച പ്രാഥമിക ധാരണയോ ഇല്ലെന്ന ആരോപണം സൈന്യാധിപന്റെ മേല്‍ ഉന്നയിക്കപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ മാറിമാറി വരുന്ന ചന്ദ്രമാസത്തില്‍ നോമ്പെടുത്ത്, വളരെ ലളിതമായ പ്രയാസം സഹിച്ച മുസ്ലിംകള്‍ ഒരിക്കലും യുദ്ധസന്നാഹമൊരുക്കുകയല്ല ചെയ്തിരുന്നത് എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. പരിശീലനക്കുറവ് കൊണ്ടോ, പരിജ്ഞാനത്തിന്റെ അഭാവത്താലോ മുസ്ലിം സൈന്യം ഏതെങ്കിലും യുദ്ധത്തില്‍ പരാജയപ്പെടുകയോ, പിന്മാറുകയോ ചെയ്തതായി ചരിത്രത്തില്‍ കാണാന്‍ സാധിക്കുകയില്ല.
ഇനി ഇസ്ലാം യുദ്ധസന്നാഹത്തിനാണ് നോമ്പ് നിര്‍ബന്ധമാക്കിയതെങ്കില്‍ ഹിജ്‌റ പത്താം വര്‍ഷം അറബികള്‍ ഒന്നടങ്കം ഇസ്ലാം സ്വീകരിച്ചതോടെ പ്രസ്തുത നോമ്പ് റദ്ദാക്കേണ്ടതായിരുന്നു. കാരണം നോമ്പ് കൊണ്ടുള്ള ഉദ്ദേശം പൂര്‍ത്തീകരിക്കപ്പെടുകയും, അതിന്റെ ആവശ്യം അവസാനിക്കുകയും ചെയ്തുവല്ലോ. അറബികള്‍ക്കിടയിലെ യുദ്ധം അവസാനിക്കുകയും, എല്ലാവരും പ്രവാചകന് വിധേയപ്പെട്ട് മുന്നില്‍ വന്ന് നില്‍ക്കുകയും ചെയ്തിരിക്കെ യുദ്ധത്തിന് അവസരമില്ലാതായിരിക്കുന്നു!! അതിനാല്‍ തന്നെ ഇസ്ലാം നിര്‍ബന്ധമാക്കിയ യുദ്ധസന്നാഹമായ നോമ്പ് അതോട് കൂടി അവസാനിപ്പിക്കുകയാണല്ലോ വേണ്ടത്!!
യുദ്ധസജ്ജീകരണമായിരുന്നു നോമ്പിന്റെ ലക്ഷ്യമെങ്കില്‍ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ക്ക് മേല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാക്കുമായിരുന്നില്ല. സ്വാഭാവികമായും യുദ്ധത്തിനോ, പോരാട്ടത്തിനോ ശേഷിയില്ലാത്തവരാണല്ലോ അവര്‍. മാത്രവുമല്ല, നോമ്പുകാരന്റെ പ്രായശ്ചിത്തം ദരിദ്രന് അന്നം കൊടുക്കുന്നതിന് പകരം സൈന്യത്തിന് ആയുധം വാങ്ങുന്നതിനും, സൈനികര്‍ക്ക് വേണ്ടി സജ്ജീകരണം ഒരുക്കുന്നതിനുമായിരുന്നു ചെലവഴിക്കേണ്ടിയിരുന്നത്.
ഇസ്ലാമിലെ മഹത്തായ ആരാധനക്കെതിരെ ഉന്നയിക്കപ്പെടുന്ന ഈ ആരോപണങ്ങള്‍ തീര്‍ത്തും ബാലിശവും ബലഹീനവുമാണെന്ന് വ്യക്തമാണ്. അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് നോമ്പ്. അന്നപാനീയങ്ങളില്‍ നിന്നും വികാരങ്ങളില്‍ നിന്നും മനസ്സിനെ തടഞ്ഞുനിര്‍ത്തുകയാണ് നോമ്പ് ചെയ്യുന്നത്. അല്ലാഹു നില്‍കിയ ഏറ്റവും മഹത്തായ അനുഗ്രഹങ്ങളാണ് അവ. നിര്‍ണിതമായ സമയം അവയെ ഉപേക്ഷിക്കുക വഴി പ്രസ്തുത അനുഗ്രഹങ്ങളുടെ മൂല്യം തിരിച്ചറിയുകയാണ് വിശ്വാസി ചെയ്യുന്നത്. ഒരു അനുഗ്രഹം നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വിലയറിയുകയെന്ന തത്വത്തിന്റെ പ്രായോഗിക രീതിയാണ് നോമ്പ് മുഖേനെ നടപ്പാക്കപ്പെടുന്നത്. അതിനാലാണ് നോമ്പിനെക്കുറിച്ച് വിവരിക്കുന്ന വചനത്തിന്റെ അവസാനത്തില്‍ ‘നിങ്ങള്‍ നന്ദിയുള്ളവരാവുന്നതിന് വേണ്ടി’ എന്ന് പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്.
രണ്ടാമതായി നോമ്പ് വിശ്വാസിക്ക് ദൈവഭയം സമ്മാനിക്കുന്ന മാര്‍ഗമാണ്. ദൈവപ്രീതി ആഗ്രഹിച്ച് മനസ്സിനെ അനുവദനീയമായ കാര്യങ്ങളില്‍ നിന്ന് വിലക്കാന്‍ വിശ്വാസിക്ക് സാധിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ദൈവത്തെ ഭയപ്പെട്ട് അവന്‍ നിഷിദ്ധകാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ അവന് കഴിയുന്നതാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. അതിനാലാണ് നോമ്പ് നിര്‍ബന്ധമാണെന്ന് കുറിച്ച ദൈവിക വചനം ‘നിങ്ങള്‍ക്ക് ദൈവഭക്തിയുണ്ടാവുന്നതിന് വേണ്ടി’യെന്ന് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
മനുഷ്യന്റെ പ്രകൃതത്തെ അടക്കിയൊതുക്കുകയും, വികാരത്തിന് കടിഞ്ഞാണിടുകയുമാണ് നോമ്പ് ചെയ്യുന്നത്. വിശന്ന് വലഞ്ഞ് നില്‍ക്കുമ്പോഴും ഭക്ഷണത്തില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള അവന്റെ ദൃഢനിശ്ചയം അതിന്റെ ആഴത്തെയാണ് അടയാളപ്പെടുത്തുന്നത്. അതിനാലാണ് തിരുമേനി(സ) തന്റെ ഉമ്മത്തിലെ യുവാക്കളോട് ‘വിവാഹം കഴിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ നോമ്പെടുക്കുക’യെന്ന് നിര്‍ദേശിച്ചത്.
അഗതികളോളും ദരിദ്രരോടുമുള്ള അനുകമ്പയും, ഐക്യദാര്‍ഢ്യവുമാണ് ഇസ്ലാമിലെ നോമ്പ്. വിശപ്പിന്റെ വേദന അനുഭവിച്ചവര്‍ക്ക് മാത്രമെ വിശന്നവരുടെ കൂടെ നില്‍ക്കാനും അവര്‍ക്ക് സഹായഹസ്തം നീട്ടാനും സാധിക്കുകയുള്ളൂ എന്ന മഹത്തായ സന്ദേശമാണ് നോമ്പ് പകര്‍ന്ന് നല്‍കുന്നത്.

About dr. ibrahim ivadh

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *