യുദ്ധസന്നാഹമാണോ ഇസ്ലാമിലെ നോമ്പ്? -1

മക്കയിലെ ബഹുദൈവ വിശ്വാസികളില്‍ നിന്നുണ്ടായ കഠിനമായ പീഢനവും, നിരന്തരമായ മര്‍ദനവും സഹിക്കാനുള്ള പരിശീലനമായാണ് മുഹമ്മദ്(സ) തന്റെ അനുചരന്മാര്‍ക്ക് മേല്‍

നോമ്പ് നിര്‍ബന്ധമാക്കിയതെന്ന് ചില ഇസ്ലാം വിരോധികള്‍ ആരോപിക്കുന്നു. വിശപ്പും, ദാഹവും, യുദ്ധവേദനകളും സഹിക്കാനുള്ള മാര്‍ഗമാണ് നോമ്പെന്ന ഈ ആരോപണം ഇസ്ലാമിലെ ആരാധനകള്‍ ഉള്‍പെടെയുള്ള നിയമസംഹിത മുഹമ്മദിന്റെ വകയാണെന്നും സാഹചര്യത്തിന്റെ സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് അദ്ദേഹമവ ആവിഷ്‌കരിക്കുകയാണ് ചെയ്തതെന്നും സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇതുവഴി ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യത്തെയും, യുക്തിയെയും ചോദ്യം ചെയ്യുകയും, മുസ്ലിംകളില്‍ അതേക്കുറിച്ച് സംശയം ജനിപ്പിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ ഗൂഢോദ്ദേശ്യം.

ഇസ്ലാമിക ശരീഅത്തിനെയും, അതിന്റെ പ്രചോദനങ്ങളെയും കുറിച്ച് ഒന്നുമറിയാത്തവര്‍ക്ക് മാത്രമെ ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ട തിരുദൂതരു(സ)ടെ സമീപനങ്ങളെക്കുറിച്ച് അല്‍പമെങ്കിലും അറിവുള്ളവര്‍ ബാലിശമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയില്ല. മുസ്ലിംകളെ യുദ്ധത്തിന് സജ്ജമാക്കുന്നതിനാണ് നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത് എന്ന് കുറിക്കുന്ന ഏതെങ്കിലും ഒരു സൂചനയോ, പരാമര്‍ശമോ വിശുദ്ധ ഖുര്‍ആനില്‍ നിന്നോ, തിരുസുന്നത്തില്‍ നിന്നോ ഉദ്ധരിക്കാന്‍ ആരോപകരെ നമുക്ക് വെല്ലുവിളിക്കാവുന്നതാണ്.

ഉദാഹരണമായി നോമ്പിനെയും, ലൈംഗിക വികാരങ്ങള്‍ അടക്കിവെക്കുന്നതിനെയും തമ്മില്‍ ബന്ധിപ്പിച്ച പ്രവാചക വചനങ്ങള്‍ നമുക്ക് കാണാവുന്നതാണ്. ‘യുവാക്കളെ, നിങ്ങളില്‍ കഴിവുള്ളവര്‍ വിവാഹം കഴിക്കുക. കണ്ണുകള്‍ക്ക് സുരക്ഷ നല്‍കാനും, ഗുഹ്യസ്ഥാനം സംരക്ഷിക്കാനും അത് സഹായിക്കുന്നു. വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവര്‍ നോമ്പനുഷ്ടിക്കുക. അതവര്‍ക്ക് പരിചയാണ്’ എന്ന പ്രവാചക കല്‍പന ഉദാഹരണമാണ്.

അതുപോലെ ചില ഖുര്‍ആനിക വചനങ്ങളും പ്രവാചകചര്യകളും നോമ്പിനെയും, പ്രായശ്ചിത്തത്തെയും പരസ്പരം ചേര്‍ത്തു പറഞ്ഞിരിക്കുന്നു. ശപഥം ലംഘിക്കുക, ളിഹാര്‍ പറയുക തുടങ്ങിയവക്ക് പാപപരിഹാരമായി വിശുദ്ധ ഖുര്‍ആന്‍ നോമ്പ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ നോമ്പിനെയും യുദ്ധത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഖുര്‍ആനിക വചനമോ, ഹദീഥോ കാണാന്‍ കഴിയുന്നതല്ല.

മാത്രവുമല്ല, പലപ്പോഴും ഇതിന് വിരുദ്ധമായാണ് ഇസ്ലാമിക കല്‍പനകള്‍ വന്നിട്ടുള്ളത്. യുദ്ധവേളകളിലും, അതിനുള്ള യാത്രകളിലും നോമ്പ് മുറിക്കാനോ, ഉപേക്ഷിക്കാനോ തിരുമേനി(സ) അനുചരന്മാരോട് കല്‍പിച്ച സംഭവങ്ങള്‍ നിരവധിയാണ്. മക്കാ വിജയവേളയില്‍ യാത്രക്കിടെ തിരുമേനി(സ) തന്റെ സഖാക്കളോട് നോമ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് കൊണ്ട് അരുള്‍ ചെയ്തത് ഇപ്രകാരമാണ് (നിങ്ങള്‍ ശത്രുവിനെ നേരിടാന്‍ കരുത്ത് സംഭരിക്കുക).

റമദാന്‍ മാസത്തിലായിരുന്നു പ്രവാചകനും സ്വഹാബാക്കളും മക്കാ വിജയിക്കുന്നതിനായി ഇറങ്ങിത്തിരിച്ചത്. നടന്നും, വാഹനപ്പുറത്തേറിയും യാത്ര ചെയ്യുന്നവര്‍ അവരിലുണ്ടായിരുന്നു. മക്കക്കും മദീനക്കും ഇടയിലുള്ള കുറാഅ് അല്‍ഗനീം എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ചിലര്‍ തിരുമേനി(സ)യോട് ചോദിച്ചുവത്രെ ‘അല്ലാഹുവിന്റെ ദൂതരെ, ജനങ്ങള്‍ക്ക് നോമ്പ് ആകെ പ്രയാസകരമായിരിക്കുന്നു. താങ്കളെ അനുകരിക്കുകയാണ് അവര്‍ ചെയ്യുന്നത്’. ഇതുകേട്ട തിരുമേനി(സ) ഒരു കപ്പ് വെള്ളം കൊണ്ട് വരാന്‍ നിര്‍ദേശിച്ചു. എല്ലാവരും കാണെ അത് ഉയര്‍ത്തി പിടിച്ച് അദ്ദേഹം വെള്ളം കുടിച്ച് നോമ്പ് മുറിച്ചു. ഇതു കണ്ട പലരും നോമ്പ് മുറിക്കുകയും, മറ്റ് ചിലര്‍ നോമ്പുകാരായി തുടരുകയും ചെയ്തു. ഇക്കാര്യം തിരുമേനി(സ)യെ ആരോ അറിയിച്ചപ്പോള്‍ അവിടുന്ന് അരുളിയത് ഇപ്രകാരമാണ് ‘അവരാണ് എന്നെ ധിക്കരിച്ചവര്‍. അവരാണ് എന്നെ ധിക്കരിച്ചവര്‍’.

യുദ്ധത്തിന് വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കിയതെങ്കില്‍ അനുചരന്മാരെ നോമ്പുകാരായി തുടരാന്‍ അനുവദിക്കുകയാണ് തിരുമേനി(സ) ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നോമ്പുപേക്ഷിക്കാത്തവരെ ‘ധിക്കരിച്ചവര്‍’ എന്നാണ് തിരുമേനി(സ) വിശേഷിപ്പിച്ചത് എന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്.

യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കാനുള്ള ഇളവ് അല്ലാഹു നല്‍കിയിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ നോമ്പെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാവുന്നതാണ്. എന്നാല്‍ പ്രയാസം കഠിനമാവുകയും, ശത്രുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നോമ്പ് മുറിക്കണമെന്നാണ് ഇസ്ലാമിന്റെ കല്‍പന. അതിനാലാണ് അനുയായികള്‍ കാണുന്ന വിധത്തില്‍ വെള്ളം കുടിച്ച് തിരുമേനി(സ) നോമ്പ് മുറിച്ചത്.

 

About dr. ibrahim ivadh

Check Also

ouo

സ്വര്‍ണവും പട്ടും പുരുഷന്മാര്‍ക്ക് നിഷിദ്ധമോ? -1

തിരുദൂതരി(സ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ധാരാളം വചനങ്ങള്‍ പുരുഷന്മാര്‍ പട്ട് ധരിക്കുന്നതിനെയും സ്വര്‍ണമണിയുന്നതിനെയും വിലക്കുന്നതായി കാണാവുന്നതാണ്. അതിനാല്‍ തന്നെ പുരുഷന്മാര്‍ക്ക് മേല്‍പറഞ്ഞവ …

Leave a Reply

Your email address will not be published. Required fields are marked *